ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിൽനിന്ന് വിരമിക്കുന്നവരുടെ യാത്രയയപ്പ് ചടങ്ങിലേക്ക് മുന്നറിയിപ്പുകളില്ലാതെയാണ് തൃശ്ശൂർ ജില്ലാ കളക്ടർ ടി.വി. അനുപമ എത്തിയത്. വിരമിക്കുന്നവരുടെ കൂട്ടത്തിൽ അമ്മകൂടി ഉണ്ടായിരുന്നതിനാൽ കളക്ടറായല്ല, മകളായിട്ടായിരുന്നു അനുപമയുടെ വരവ്.
ദേവസ്വം മരാമത്ത് വിഭാഗത്തിൽനിന്ന് വിരമിക്കുന്ന അസി. എക്സി. എൻജിനീയർ ടി.വി. രമണിയുടെ മകളാണ് ടി.വി. അനുപമ. ഈ വർഷം വിരമിക്കുന്ന 13 പേരുടെ യാത്രയയപ്പ് ചടങ്ങ് വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് സംഘടിപ്പിച്ചിരുന്നത്.
താൻ സദസ്സിൽ ഇരുന്നോളാമെന്ന് അനുപമ അഭ്യർഥിച്ചെങ്കിലും സംഘാടകർ സമ്മതിച്ചില്ല. അവരെ നിർബന്ധപൂർവം വേദിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അമ്മയെ പൊന്നാട അണിയിക്കാൻ ക്ഷണിച്ചപ്പോഴും അനുപമ വിട്ടുനിന്നു. അത് ചെയർമാൻ നിർവഹിച്ചാൽ മതിയെന്നും ആശംസാപ്രസംഗം നടത്താമെന്നും അവർ പറഞ്ഞു.
തന്നെ ഇത്രയും വലിയനിലയിലേക്കെത്തിച്ചത് അമ്മയുടെ കഠിനധ്വാനമായിരുന്നുവെന്ന് അനുപമ പറഞ്ഞു. അമ്മയ്ക്ക് കിട്ടുന്ന ശമ്പളംകൊണ്ടാണ് താൻ പഠിച്ച് കളക്ടറായതെന്നും അതിന് ദേവസ്വത്തോടുള്ള കടപ്പാട് എന്നും മനസ്സിലുണ്ടാകുമെന്നും അവർ പറഞ്ഞു. അമ്മയ്ക്കുള്ള സർപ്രൈസ് കൂടിയായിരുന്നു ചടങ്ങിൽ അനുപമയുടെ സാന്നിധ്യം.
Leave a Reply