ബൈക്കിലെത്തിയ സംഘം കോളജ് വിദ്യാര്‍ഥിയെ വെട്ടിപരിക്കേല്‍പ്പിച്ചു. തോന്നയ്ക്കല്‍ എ.ജെ കോളജിലെ രണ്ടാംവര്‍ഷ ബി.കോം വിദ്യാര്‍ത്ഥിയായ ശ്രീനിതിനാണ് വെട്ടേറ്റത്. ആദ്യം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രീനിതിനെ പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഉച്ചയോടെയായിരുന്നു സംഭവം. ഭക്ഷണം കഴിക്കുന്നതിനു കോളേജിനു പുറത്തു പോയപ്പോള്‍ ബൈക്കില്‍ എത്തിയ മൂന്നംഗ സംഘമാണ് നിതിനെ വെട്ടുകയായിരിന്നുവെന്ന് സഹപാഠികള്‍ പോലീസിനോട് പറഞ്ഞു. എവിടെ പോകുന്നു എന്നു ചോദിച്ചുകൊണ്ട് കൈയിലുണ്ടായിരുന്ന വാളെടുത്ത് ശ്രീനിതിന്റെ മുതുകില്‍ വെട്ടുകയായിരുന്നു. വെട്ടേറ്റ് താഴെ വീണ ശ്രീനിതിനെ സഹപാഠികളാണ് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചത്. ആക്രമിച്ചവരെ കുറിച്ച് സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു.