മക്കളുടെ വിവാഹ സത്ക്കാരത്തോടൊപ്പം 22 പേരുടെ വിവാഹവും നടത്തി മാതൃകയായി ദമ്പതികള്‍. വയനാട് മാനന്തവാടി വടക്കേടത്ത് ജോസഫ് ഫ്രാന്‍സിസ്, ജോളി ഫ്രാന്‍സിസ് ദമ്പതിമാരാണ് മക്കളുടെ വിവാഹത്തോടനുബന്ധിച്ച്
സമൂഹ വിവാഹവും നടത്തിയത്.
മാനന്തവാടി സെന്റ് പാട്രിക് സ്‌കൂള്‍ അങ്കണമാണ് ആ നന്മക്കാഴ്ചയ്ക്ക് വേദിയായത്.
മക്കളില്‍ ഒരാള്‍ വിവാഹം കഴിച്ചത് ചലച്ചിത്ര താരം റെബ മോണിക്കയെയാണ്. ഇവരും മറ്റു ദമ്പതികള്‍ക്കൊപ്പം വേദിയില്‍ ഉണ്ടായിരുന്നു.
തന്റെ മക്കളുടെ വിവാഹം ചെലവ് ചുരുക്കി നടത്തുക. ആ പണം ഉപയോഗിച്ച് സാമ്പത്തികമായി പിന്നോട്ട് നില്‍ക്കുന്ന കുട്ടികളുടെ വിവാഹം നടത്തുക. ഇതായിരുന്നു വ്യവസായി ആയ ജോസഫിന്റെയും ജോളിയുടെയും ആഗ്രഹം.
സ്ത്രീധനത്തിനെതിരായാണ് ഈ സമൂഹ വിവാഹം നടത്തിയത്. സ്ത്രീധനം വലിയൊരു വിപത്താണ്. അത് ഈ സമൂഹത്തില്‍ നിന്ന് എടുത്ത് മാറ്റാന്‍ പ്രചോദനമാകാന്‍ വേണ്ടിയാണ് ഇങ്ങനെയൊരു സമൂഹ വിവാഹം നടത്തിയത് എന്ന് ജോസഫ് ഫ്രാന്‍സിസ് പറഞ്ഞു. ഇത്തരമൊരു വിവാഹ വേദിയില്‍ തങ്ങളുടെ സത്കാരം നടന്നതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് റെബയും പറഞ്ഞു. ഇത് ഞങ്ങള്‍ക്കും ഒരു പ്രചോദനമാണ്.
വിവിധ ഗോത്ര വിഭാഗങ്ങളില്‍ പെട്ട പത്ത് ദമ്പതികള്‍ ഉള്‍പ്പെടെ 22 പേരുടെ വിവാഹമാണ് ആ വേദിയില്‍ നടന്നത്. വധൂവരന്മാര്‍ക്ക് സ്വര്‍ണാഭരണങ്ങളും വസ്ത്രങ്ങളും നല്‍കി. 2500 പേര്‍ക്ക് വിരുന്നും ഒരുക്കി.
വിവാഹത്തിന് മോഡി കൂട്ടാന്‍ ഓടക്കുഴല്‍ വാദകന്‍ രാജേഷ് ചേര്‍ത്തലയുടെ ഫ്യൂഷന്‍ സംഗീതോത്സവവും ഉണ്ടായിരുന്നു. വര്‍ഷങ്ങളായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന സ്പന്ദനം എന്ന സന്നദ്ധ സംഘടനയുടെ മുഖ്യ രക്ഷാധികാരിയാണ് ജോസഫ് ഫ്രാന്‍സിസ്.
Leave a Reply