പത്തനംതിട്ടയിൽ ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കല്‍ നടത്തിയ പ്രസംഗത്തിനെതിരെ വയനാട് യുവ ജനതാദൾ പ്രവർത്തകർ പോലീസിൽ പരാതി നൽകി. പ്രസംഗം വർഗീയ കലാപത്തിന് കാരണമാകും എന്ന് ആരോപിച്ചാണ് യുവജനതാദള്‍ പരാതി നല്‍കിയിരിക്കുന്നത്. കൽപറ്റ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്.
വിവാദ പ്രസംഗത്തില്‍ നേരത്തെ മറ്റൊരു പരാതി ഫാദറിനെതിരെ കണ്ണൂര്‍ പൊലീസിന് ലഭിച്ചിരുന്നു. കണ്ണൂര്‍ ജില്ലാ പൊലീസ് സൂപ്രണ്ടിന് പഴയങ്ങാടി സ്വദേശി ബി തന്‍വീര്‍ അഹമ്മദ് എന്നയാളാണ് പരാതി നല്‍കിയത്. മതസ്പര്‍ധയും വിദ്വേഷവും വളര്‍ത്തുന്ന തരത്തിലുള്ള പ്രസംഗം നടത്തിയെന്ന് കാണിച്ചാണ് തന്‍വീറിന്‍റെ പരാതി.
ക്രിസ്ത്യന്‍, ഹിന്ദു മതവിശ്വാസികള്‍ക്കിടയില്‍ മുസ്ലീങ്ങളോട് വിദ്വേഷവും പകയും ഉണ്ടാക്കാന്‍ ഉദ്ദേശിച്ച് മാത്രം നടത്തിയതാണ് പ്രസ്തുത പ്രസംഗമെന്നാണ് പരാതിയില്‍ പറയുന്നത്. ചരിത്രത്തെ വളച്ചൊടിച്ച് മുസ്ലീം വിരോധം ജനിപ്പിക്കാനുള്ള വാക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്.
ലോകത്താകെ ക്രിസ്ത്യാനികളെ കൊല്ലുന്നത് മുസ്ലീങ്ങളാണെന്നുള്ള പ്രസംഗം തികച്ചും അടിസ്ഥാനരഹിതവും ജനങ്ങളില്‍ മുസ്ലീം വിരോധം ഉണ്ടാക്കാനും മുസ്ലീങ്ങളെ വെറുക്കാന്‍ ആഹ്വാനം ചെയ്യുന്നതുമാണ്. നാടിന്‍റെ ഐക്യം തകര്‍ക്കാന്‍ നോക്കിയ ഫാ ജോസഫ് പുത്തന്‍പുരയ്ക്കലിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും തന്‍വീര്‍ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.
പ്രസംഗം വിവാദമായതോടെ ഈ വിഷയത്തിൽ വിശദീകരണവുമായി ഫാദർ പുത്തൻപുരക്കലും രംഗത്തെത്തി. വിവാദപരാമര്‍ശങ്ങളില്‍ അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയുണ്ടായി. താൻ ഇസ്‌ലാം മതത്തെ എതിര്‍ക്കുന്നില്ലെന്നും വിമര്‍ശിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമിക രാജ്യങ്ങളിലെ പീഡനങ്ങളെക്കുറിച്ച് ധ്യാനത്തിനിടെ വന്ന ചോദ്യത്തിന് മറുപടി പറയുക മാത്രമാണ് താൻ ചെയ്തത് എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
കൂനമ്മാവ് പരാമര്‍ശം തമാശയാണെന്നും അദ്ദേഹം വിശദീകരിച്ചു. ടിപ്പുസുല്‍ത്താന്‍റെ പടയോട്ടത്തെക്കുറിച്ച് പറഞ്ഞത് ചരിത്രവസ്തുതയല്ലെന്നും, തന്റെ സ്ഥിരം രീതിയില്‍ പറഞ്ഞുപോയതാണെന്നും. ഇത് സംബന്ധിച്ച് ഒരു വിവാദത്തിനും ഇനി താനില്ലെന്നും, സിഎഎ, എന്‍ആര്‍സി വിഷയത്തില്‍ താൻ മുസ്ലിം സമുദായത്തിന്റെ പക്ഷത്താണെന്നും ഫാ.പുത്തന്‍പുരയ്ക്കല്‍ ഒരു ചാനലിനോട് പ്രതികരിച്ചു.
Leave a Reply