ബലാത്സംഗ കേസിലെ പ്രതിയായ സഹസംവിധായകൻ രാഹുല്‍ സി ബി (രാഹുല്‍ ചിറയ്ക്കല്‍) എന്നയാള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.

വിവാഹവാഗ്ദാനം നല്‍കി തന്നെ പീഡിപ്പിച്ച ശേഷം രാഹുല്‍ വഞ്ചിച്ചെന്നും സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് തന്‍റെ സ്വാധീനം ഉപയോഗിച്ച് സംരക്ഷിക്കുന്നുവെന്ന ആരോപണവും യുവതി ഉയര്‍ത്തുന്നു.

യുവതിയുടെ വാക്കുകൾ

മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ഫ്‌ളാറ്റിലേക്ക് ചെന്ന് പ്രക്കാട്ടിനെ കാണണമെന്ന് നിര്‍ബന്ധിച്ചു. തീരെ വയ്യായിരുന്നെങ്കിലും എന്നെ അവിടേക്ക് കൊണ്ടുപോയി. മാര്‍ട്ടിന്‍ പ്രക്കാട്ടിനൊപ്പം രാഹുലും ഉണ്ടായിരുന്നെന്ന് അവിടെ ചെന്നപ്പോഴാണ് എനിക്ക് മനസിലായത്. അവര്‍ മൂന്ന് പേരും ചേര്‍ന്ന് നേരിട്ടും അല്ലാതേയും കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് സ്വാധീനിക്കാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. രാഹുല്‍ ഉറപ്പായും ജയിലില്‍ പോകുമെന്നും ഞാന്‍ പരിഗണിച്ചില്ലെങ്കില്‍ രാഹുല്‍ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞ് അവര്‍ എന്നെ ഒത്തുതീര്‍പ്പിന് നിര്‍ബന്ധിച്ചു. ലോക് ഡൗണ്‍ സമയത്ത് വിഷയം മുഴുവനായി താന്‍ അറിഞ്ഞെന്നും പക്ഷെ ഞാന്‍ രാഹുലിനെതിരെ കേസ് കൊടുക്കുമെന്ന് കരുതിയില്ലെന്നും മാര്‍ട്ടിന്‍ പ്രക്കാട്ട് പറഞ്ഞു.

സിനിമാ ഇന്‍ഡസ്ട്രിയില്‍ ഇതൊരു സാധാരണ സംഗതിയാണെന്നും പ്രക്കാട്ട് എന്നോട് പറഞ്ഞു. രാഹുലിന്റെ മോശം പ്രവൃത്തികളേക്കുറിച്ചും ഒരേ സമയത്ത് പല സ്ത്രീകളോട് വിവാഹം കഴിക്കാമെന്ന ഉറപ്പ് നല്‍കിയിരുന്നതിനേക്കുറിച്ചും തനിക്ക് അറിയാമായിരുന്നെന്നും പ്രക്കാട്ട് എന്നോട് പറയുകയുണ്ടായി.