കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഹൈക്കമാന്‍ഡ് പിന്തുണയോടെ സ്ഥാനാര്‍ഥിയാകും. ദിഗ്വിജയ് സിംഗ് മത്സരത്തില്‍നിന്ന് പിന്മാറി. ഖാര്‍ഗെയെ ഇന്ന് രാവിലെ വീട്ടിലെത്തി കണ്ടശേഷമാണ് ദിഗ്വിജയ് സിംഗിന്റെ പിന്മാറ്റം. പ്രമോദ് തിവാരി, പി.എല്‍.പുനിയ എന്നിവര്‍ ഖാര്‍ഗെയുടെ വസതിയില്‍ എത്തി. എ.കെ ആന്റണിയുടെ പിന്തുണയും ഖാര്‍ഗെയ്‌ക്കെന്നാണ് സൂചന.

ഖാര്‍ഗെ ഉച്ചക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക നല്‍കുന്നതിനുള്ള അവസാന തിയതി ഇന്നാണ്. ഇന്ന് 11 മണി മുതല്‍ ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെയാണ് പത്രിക സമര്‍പ്പിക്കാനുള്ള സമയം. ശശി തരൂരും ഇന്ന് പത്രിക സമര്‍പ്പിക്കും.

രാജ്യത്തെ എല്ലാ ഭാഗത്തുനിന്നുള്ളവരുടെയും ഒപ്പോടെയാണ് ശശി തരൂര്‍ അഞ്ച് സെറ്റ് നാമനിര്‍ദേശപത്രിക തയ്യാറാക്കിയിട്ടുള്ളത്. കേരളത്തില് നിന്ന് എം.കെ രാഘവന്‍, കെ.സി അബു, ശബരീനാഥന്‍ അടക്കം 10 പേര്‍ ഒപ്പ് വച്ചിട്ടുണ്ട്.

മല്‍സരം ഒഴിവാക്കാന്‍ അവസാന നിമിഷം വരെ ശ്രമം തുടരുമെന്ന് മുതിര്‍ന്ന നേതാക്കള്‍ സൂചിപ്പിച്ചു. പത്രിക പിന്‍വലിക്കാന്‍ തയാറായാല്‍ ശശി തരൂരിനെ പ്രവര്‍ത്തക സമിതിയംഗമാക്കിയേക്കും.