ശിവഗിരി തീര്‍ത്ഥാടന സര്‍ക്യൂട്ട് പദ്ധതി നിര്‍ത്തലാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ ആന്‍റണി. പദ്ധതി നീണ്ടുപോയതില്‍ സംസ്ഥാന സര്‍ക്കാരിനും കുറ്റകരമായ അനാസ്ഥയുണ്ട്. ഇരു സര്‍ക്കാരുകളും പരസ്പരം നടത്തിയ രാഷ്ട്രീയപ്പോരും പദ്ധതി നീണ്ടുപോകുന്നതിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതി റദ്ദ് ചെയ്ത നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എഐസിസി അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് ദേശീയ കോഓര്‍ഡിനേറ്റര്‍ അനില്‍ ബോസ് നടത്തിയ ഉപവാസസമരത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതിക്ക് അനുവദിച്ച പണം നിര്‍ത്തിയത് സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ കൊണ്ടാണോ കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയം കൊണ്ടാണോ എന്ന് വ്യക്തമാക്കണമെന്ന് സമരം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.
കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് എംപി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ , കെ പി സി സി ഭാരവാഹികളായ ടോമി കല്ലാനി, അജയ് തറയിൽ, ജോസി സെബാസ്റ്റ്യൻ, കെ .പി ശ്രീകുമാർ ,പി എസ് രഘുറാം, ബ്ലോക്ക് കമ്മിറ്റി പ്രസിഡന്‍റ് വി . കെ സേവ്യർ, ഡിസിസി ഭാരവാഹികളായ പി എസ് ബാബുരാജ്, മനോജ് കുമാർ, രമണി എസ് ഭാനു, ജെ.ടി റാംസെ, ബിജു പാലത്തിങ്കൽ, ജനുബ് പുഷ്പാകരൻ എന്നിവർ പ്രസംഗിച്ചു.
സമാപന സമ്മേളനം കെപിസിസി വൈസ് പ്രസിഡന്‍റ് ജോസഫ് വാഴക്കൻ ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ലതികാ സുഭാഷ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ ബിനു ചുള്ളിയിൽ , മുഹമ്മദ് അസ്ലാം , മുരളീകൃഷ്ണൻ, താഹ, സൈനലാബ്ദിൻ, മോഹൻദാസ് എന്നിവർ പ്രസംഗിച്ചു.
നേരത്തെ സമര പരിപാടികളുമായി അനിൽ ബോസിന്റെ നേതൃത്വത്തിൽ കോൺഗ്രസ്സ് മുന്നോട്ടു പോകുന്നതിന്റെ ഭാഗമായി ശിവഗിരി ടൂറിസം സര്‍ക്യൂട്ട് പദ്ധതി ഉപേക്ഷിക്കാനുള്ള നീക്കത്തിൽ നിന്ന് പിന്തിരിയണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്ത് നൽകി. ശ്രീനാരായണ ഗുരുവിന്‍റെ പേരിലുള്ള തീർത്ഥാടന പദ്ധതി ഉപേക്ഷിക്കാനുള്ള കേന്ദ്ര തീരുമാനം ദൗർഭാഗ്യകരമാണെന്നും.നടപടി കേരളത്തിന്‍റെ ടൂറിസം സാധ്യതകളെ ബാധിക്കുമെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി .
എത്രയും പെട്ടെന്ന് തിരുമാനം പിൻവലിക്കണമെന്നും, ശ്രീനാരായണ ഗുരു സ്പിരിച്വല്‍ സർക്യൂട്ട് പദ്ധതി പുനരാരംഭിക്കണമെന്നും പ്രതിപക്ഷ നേതാവ് പ്രധാനമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ജൂണ്‍ 15ന് ആയിരുന്നു ഉപവാസ സമരം. എസ്.എന്‍.ഡി.പി യോഗത്തിന്‍റെ സ്ഥാപകസ്ഥലമായ നീലംപേരൂരില്‍ ആയിരുന്നു സമരം. പ്രമുഖ രാഷ്ട്രീയ നേതാക്കൾക്കൊപ്പം നനമതസ്ഥരായ വൻ ജനപങ്കാളിത്തത്തോടൊപ്പം പ്രമുഖ മറ്റു പല മത നേതാക്കളുടെ സാന്നിധ്യവും ഉപവാസ സമരത്തിന് വിജയപ്പകിട്ടായി….
Leave a Reply