പാലക്കാട് ∙ ബ്യൂട്ടിഷ്യൻ സ്ഥാപനത്തിൽ കയറി വിദ്യാർഥികളുടെ മുന്നിൽ ഭാര്യയുടെ ദേഹത്തു പെട്രോൾ ഒഴിച്ചു തീ കൊളുത്താൻ ഭർത്താവിന്റെ ശ്രമം. ഭാര്യ ഓടി മാറിയതിനാൽ അപകടം ഒഴിവായി. മലമ്പുഴ തെക്കേ മലമ്പുഴ തോണിക്കടവ് സ്വദേശി ബാബുരാജാണ് (46) ഭാര്യ സരിതയുടെ ദേഹത്തു പെട്രോൾ ഒഴിച്ചത്.
ഇന്നലെ രാവിലെ 11ന് ഒലവക്കോടാണു സംഭവം. ബ്യൂട്ടിഷ്യൻ വിദ്യാർഥിയാണു സരിത. സ്ഥാപനത്തിൽ കയറിയ ബാബുരാജ് കന്നാസിൽ കരുതിയ പെട്രോൾ ദേഹത്ത് ഒഴിച്ചെന്നാണു സരിത പൊലീസിനു നൽകിയ മൊഴി. തീപ്പെട്ടി തട്ടിമാറ്റി ഓടി മാറിയതു രക്ഷയായി.
വിദ്യാർഥികളുടെ നിലവിളി കേട്ടു നാട്ടുകാരെത്തിയതോടെ ബാബുരാജ് ഓടി രക്ഷപ്പെട്ടു. പിന്നീട് മലമ്പുഴ പൊലീസിൽ കീഴടങ്ങിയ ഇയാളെ നോർത്ത് പൊലീസെത്തി അറസ്റ്റ് ചെയ്തു. വധശ്രമത്തിനാണു കേസ്. കുടുംബപ്രശ്നമാണു കാരണമെന്നു പൊലീസ് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!