നരേന്ദ്ര മോദിയെ പ്രശംസിച്ച് വിവാദത്തിലായ എ.പി. അബ്ദുള്ളക്കുട്ടിയുമായി ബിജെപി നേതാക്കൾ അനൗദ്യോഗിക ചർച്ചകൾ നടത്തിയതായി സൂചന. അബ്ദുള്ളക്കുട്ടി ഉൾപ്പടെയുള്ള രാഷ്ട്രീയ നേതാക്കളെ സ്വാഗതം ചെയ്യുന്നതായി ബിജെപി കണ്ണൂർ ജില്ലാ നേതൃത്വം വ്യക്തമാക്കി. അബ്ദുള്ളക്കുട്ടി പാർട്ടിയിൽ തുടരില്ല എന്നതിന്റെ സൂചനയാണ് മോദി സ്തുതിയെന്ന് വി.എം.സുധീരൻ പറഞ്ഞു.

കോൺഗ്രസ് അച്ചടക്ക നടപടിയെടുത്തേക്കുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് അബ്ദുള്ളക്കുട്ടിയെ പാർട്ടിയിൽ ചേർക്കാനുള്ള ശ്രമങ്ങൾ ബിജെപി ഊർജിതമാക്കിയത്. അബ്ദുള്ളക്കുട്ടിയുമായി ജില്ലാ നേതൃത്വം

അനൗദ്യോഗിക ചർച്ചകൾ നടത്തിയതായാണ് വിവരം. എന്നാൽ കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട് നടപടിയുടെ രൂപത്തിലെത്താത്തതിനാൽ അബ്ദുള്ളക്കുട്ടി വ്യക്തമായ മറുപടിയും നൽകിയിട്ടില്ല. എല്ലാ നേതാക്കളെയും പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ബിജെപി ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് പറഞ്ഞു.

കണ്ണൂർ ഡിസിസിയുടെ പരാതിയിൽ അബ്ദുള്ളക്കുട്ടിയോട് വിശദീകരണം ചോദിക്കാൻ കെ.പി.സി.സി തീരുമാനിച്ചിരുന്നു. ഈ വിശദീകരണം ലഭിച്ച ശേഷം അബ്ദുള്ളക്കുട്ടിക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നാണ് സൂചന.