മഹാരാഷ്ട്ര നിയമസഭാതിരഞ്ഞെടുപ്പ് പോര് മുറുക്കി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെതിരെ അഴിമതി ആരോപണം. നിർദിഷ്ട ശിവാജി സ്മാരകവുമായി ബന്ധപ്പെട്ട് 1300 കോടി രൂപയുടെ ക്രമക്കേട് നടന്നുവെന്ന് കോൺഗ്രസും എൻസിപിയും ആരോപിച്ചു. ഇതുസംബന്ധിച്ച രേഖകൾ പ്രതിപക്ഷം പുറത്തുവിട്ടു.
മുംബൈ മറൈൻ ഡ്രൈവിനോട് ചേർന്ന് അറബിക്കടലിൽ നിർമിക്കുന്ന ശിവാജി സ്മാരകത്തിന്റെ ടെൻഡർ നടപടികളിൽ അഴിമതി നടന്നുവെന്നാണ് ആരോപണം. 2500 കോടി രൂപയുടെ പദ്ധതി 3800 കോടി രൂപയ്ക്കു ടെൻഡർ നൽകാൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അധ്യക്ഷനായ സമിതി തീരുമാനിച്ചെന്ന് പ്രതിപക്ഷ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
കേന്ദ്ര വിജിലൻസ് കമ്മിഷന്റെ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുന്നതെന്നും ആരോപണമുണ്ട്. വിഷയത്തിൽ സി.എ.ജി ഓഡിറ്റിങ് നടത്തണമെന്നും അല്ലാത്തപക്ഷം കോടതിയെ സമീപിക്കുമെന്നും കോൺഗ്രസ്-എൻസിപി നേതാക്കൾ വ്യക്തമാക്കി. അതേസമയം, മഹാരാഷ്ട്രയുടെ വികാരമായ ഛത്രപതി ശിവാജിയെപോലും പ്രതിപക്ഷം തിരഞ്ഞെടുപ്പ് നേട്ടത്തിനായി ഉപയോഗിക്കുകയാണെന്ന് ബിജെപി തിരിച്ചടിച്ചു.
Leave a Reply