ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെ മലയാളികളുടെ അവസ്ഥ വളരെ സങ്കടകരമാണ്. ഒരേസമയം ആശ്വാസവും ആശങ്കയും. ബ്രിട്ടനിൽ രോഗവ്യാപനവും മരണനിരക്കും വളരെ കുറഞ്ഞു. ഏറ്റവും കൂടുതൽ കോവിഡ് ബാധിച്ച 20 രാജ്യങ്ങളിൽ നിന്ന് യുകെ ഒഴിവായി. അൽഷിമേഴ്‌സ്, ഹൃദ്രോഗം മൂലമുള്ള മരണങ്ങളേക്കാൾ കുറവു മരണങ്ങൾ മാത്രമാണ് ബ്രിട്ടനിൽ കോവിഡ് മൂലമുണ്ടാകുന്നതെന്ന കണക്കുകൾ പുറത്തുവന്നു. ബ്രിട്ടനിൽ കോവിഡ് മൂലം 127000 ത്തിലധികം മരണങ്ങൾ ആണ് ഉണ്ടായത്. കോവിഡ് മഹാമാരിയുടെ പ്രയാസങ്ങൾ വളരെയധികം ഏറ്റു വാങ്ങിയ ഒരു രാജ്യമായിരുന്നു യുകെ എന്നാൽ യുദ്ധകാല അടിസ്ഥാനത്തിൽ വാക്‌സിൻ നൽകിയും ലോക്ഡൗൺ നിയന്ത്രണങ്ങളാലും രോഗവ്യാപനവും മരണനിരക്കും കുറയ്ക്കുന്നതിൽ രാജ്യം വിജയം കൈവരിച്ചു. പത്ത് ദശലക്ഷത്തിലധികം ജനങ്ങൾക്കാണ് ഇതുവരെ വാക്സിൻെറ രണ്ടുഡോസ് നൽകിയത്. യുകെയിലെ മലയാളികളിൽ ഒട്ടുമിക്കവരും ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരാണ്. അതുകൊണ്ടുതന്നെ കോവിഡിനെതിരെ രാജ്യം യുദ്ധം ജയിച്ചത് യുകെ മലയാളികൾക്കും അഭിമാനിക്കാവുന്ന നേട്ടമായി. അധികം താമസിയാതെ ലോക്ഡൗണിൽ നിന്ന് രാജ്യം മുക്തമാകുമെന്ന സൂചനകളാണ് പുറത്തു വരുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാൽ ഇന്ത്യയിലെ സ്ഥിതി സ്ഫോടനാത്മകമായി തുടരുകയാണ്. ഇന്നലെ രാജ്യം സാക്ഷ്യം വഹിച്ചത് ലോകത്തിലെ തന്നെ ഏറ്റവും കൂടിയ പ്രതിദിന രോഗവ്യാപനത്തിനാണ്. 24 മണിക്കൂറിനുള്ളിൽ 314835 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. ഇതിനുമുമ്പ് യുഎസിൽ മാത്രമാണ് രോഗവ്യാപനം മൂന്നു ലക്ഷത്തിൽ കൂടുതൽ ആയത്. ഇന്ത്യയിൽ ആകെ രോഗികളുടെ എണ്ണം 16 ദശലക്ഷത്തിലേയ്ക്ക് അടുക്കുകയാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഓക്സിജൻ ലഭ്യതയിലെ കുറവും കോവിഡ് ചികിത്സയിൽ രാജ്യത്തിന് വൻ വെല്ലുവിളി ആയിട്ടുണ്ട്. ഇലക്ഷൻ കഴിഞ്ഞതിന് ശേഷം കേരളത്തിൽ കോവിഡ് കേസുകൾ കുതിച്ചുയരുകയാണ്. നാട്ടിൽനിന്നുള്ള ഓരോ ഫോൺകോളിലും യുകെ മലയാളികളെ തേടിയെത്തുന്നത് ഉറ്റവരുടെയോ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ രോഗവാർത്തയോ മരണവാർത്തയോ ആണ്. ഭരണപ്രതിപക്ഷ ഭേദമില്ലാതെ എല്ലാ രാഷ്ട്രീയപാർട്ടികളും ഉത്തരവാദിത്വമില്ലാതെ ആണ് കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്.