തിരുവനന്തപുരം: ഡിജിപി ഓഫീസിന് മുന്നില്‍ നടന്ന സമരത്തില്‍ കെ.എം ഷാജഹാനെ അറസ്റ്റു ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് അഡ്വ. ജയശങ്കര്‍ രംഗത്ത്. തന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വിജയേട്ടനെ നോക്കി കുരച്ചാല്‍ ഗോതമ്പുണ്ട തിന്നേണ്ടി വരും, കെ.എം ഷാജഹാന്റെ അറസ്റ്റ് എല്ലാ അലവലാതികള്‍ക്കുള്ള മുന്നറിയിപ്പാണ് എന്നും അഡ്വ.ജയശങ്കര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

റഷ്യയിൽ സ്റ്റാലിനും ചൈനയിൽ മാവോയ്ക്കും റുമാനിയയിൽ ചൗഷെസ്ക്യുവിനും ഉണ്ടായിരുന്ന സൗകര്യങ്ങൾ ഇവിടെ പിണറായി വിജയന് ലഭ്യമല്ല. എന്നാലും വിട്ടുകൊടുക്കാനല്ല ഭാവം.

വിഎസ്സിൻെറ അഡീഷണൽ പിഎസ് ആയിരുന്ന കാലം മുതൽ പിണറായിയുടെ കണ്ണിലെ കരടാണ് കെഎം ഷാജഹാൻ. ബുദ്ധി ഉപദേശിച്ചു കൊടുത്ത് കാരണവരെ ജനപ്രിയ നായകനാക്കിയത് ഈ കുലംകുത്തിയാണെന്ന് വിജയേട്ടൻ ധരിച്ചു വശായി. ഷാജഹാനെ വിഎസ്സിൻെറ പേഴ്സനൽ സ്റ്റാഫിൽ നിന്ന് ഒഴിവാക്കി, പാർട്ടിയിൽ നിന്നു പുറത്താക്കി.

ഷാജഹാനു കോൺഗ്രസിലോ മുസ്ലിംലീഗിലോ ചേരാമായിരുന്നു. അതു ചെയ്തില്ല. പകരം വൈകിട്ട് ടിവി ചാനലുകളിൽ ചെന്നിരുന്ന് പിണറായിയെ ചളുക്കാൻ തുടങ്ങി. ലാവലിൻ ഇടപാടിൽ അഴിമതി നടന്നു, നടന്നു, നടന്നു എന്ന് ആവർത്തിച്ചു പറഞ്ഞു. വിഎസ്സിൻെറയും ഉമ്മൻെറയും ഭരണകാലത്ത് പറഞ്ഞത് പോകട്ടെ. പിണറായി മുഖ്യമന്ത്രിയായ ശേഷവും അതേ അസംബന്ധം ആവർത്തിച്ചു.

മനുഷ്യൻെറ ക്ഷമയ്ക്കും ഒരതിരുണ്ട്. കണ്ണൂരെങ്ങാനും ആയിരുന്നെങ്കിൽ കൊടി സുനിയോട് പറയാമായിരുന്നു. ഇത് പക്ഷേ, തിരുവനന്തപുരം ആയിപ്പോയി. പോരാത്തതിന് ഡോ.ഇക്ബാലിൻെറ ജ്യേഷ്ഠൻെറ മകനും. അങ്ങനെ തക്കം നോക്കിയിരിക്കുമ്പോഴാണ്, ജിഷ്ണുവിൻെറ അമ്മയുടെ വരവ്. പിന്നെ എല്ലാം ഭംഗിയായി നടന്നു. മഹിജ ആശുപത്രിയിൽ, ഷാജഹാൻ ജയിലിൽ.

പോലീസ് ആസ്ഥാനം ആർഡിഎക്സുപയോഗിച്ചു തകർക്കാനും ബെഹറ സാറിനെ വധിക്കാനും ഗൂഢാലോചന നടത്തി എന്നാണ് ചാർജ്. ജാമ്യം കിട്ടുന്ന പ്രശ്നമില്ല. കസ്റ്റഡിയിൽ കിട്ടാൻ പോലീസ് അപേക്ഷ കൊടുത്തു കഴിഞ്ഞു. മൂന്നാംമുറയും പ്രതീക്ഷിക്കാം. മനുഷ്യാവകാശ പ്രവർത്തകരോ സാംസ്‌കാരിക നക്കികളോ ഇതുവരെ ഒന്നും മിണ്ടിക്കേട്ടില്ല. ഇനി മിണ്ടാനും ഇടയില്ല. തിരിച്ചു കൊടുക്കാൻ അവാർഡും ബാക്കിയില്ല.ഇത് എല്ലാ അലവലാതികൾക്കുമുളള മുന്നറിയിപ്പാണ്. വിജയേട്ടനെ നോക്കി കുരച്ചാൽ ഗോതമ്പുണ്ട തിന്നേണ്ടിവരും.