ന്യൂസ് ഡെസ്ക് മലയാളം യുകെ

അവസാന ദിന ആഘോഷങ്ങൾക്കിടെ വിദ്യാർത്ഥികളുടെ നേരെ ലാൻഡ് റോവർ ഇടിച്ച് കയറി എട്ട് വയസ്സുകാരിയായ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. വിംബിൾഡണിലെ ക്യാമ്പ് റോഡിലുള്ള ദി സ്റ്റഡി പ്രെപ്പ് സ്കൂളിന്റെ പ്രധാന ഹാൾ കെട്ടിടത്തിൽ വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് വാഹനം ഇടിച്ചുകയറിയത്. സംഭവത്തിൽ 15 പേർക്ക് പരിക്കേറ്റു. വേനൽ കാലയളവിന്റെ അവസാന ദിവസം ആഘോഷിക്കാൻ ഒരു ഔട്ട്ഡോർ പാർട്ടി നടത്തുകയായിരുന്ന സ്‌കൂൾ വിദ്യാർത്ഥികൾക്ക് നേരെ വാഹനം ഇടിച്ച് കയറുകയായിരുന്നു.

പരിക്കേറ്റ 16 പേരെ സംഭവസ്ഥലത്ത് ചികിത്സിച്ചതായും 10 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പാരാമെഡിക്കുകൾ പറഞ്ഞു. അപകടകരമായ രീതിയിൽ വാഹനമോടിച്ച 40കാരിയായ ഡ്രൈവറെ അറസ്റ്റ് ചെയ്തതായി മെറ്റ് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിന് പിന്നാലെ വ്യാഴാഴ്ച്ച തങ്ങളുടെ ഒരു വിദ്യാർത്ഥിയുടെ ജീവൻ അപഹരിക്കപ്പെട്ട ദാരുണ സംഭവം സ്‌കൂൾ വെബ്‌സൈറ്റ് വഴി സ്കൂൾ അധികൃതർ അറിയിച്ചു.

തങ്ങളുടെ സഹപാഠിയുടെ മരണത്തിന് കാരണമായ പെട്ടെന്നുള്ള അപകടം വിദ്യാർഥികളെ സ്വാധീനിച്ചിട്ടുണ്ട്. വിദ്യാർഥികളുടെ ക്ഷേമത്തിന് മുൻഗണന നൽകുമെന്നും പ്രത്യേകിച്ച് പരിക്കേറ്റവരെ പഴയ നിലയിൽ കൊണ്ടുവരാനുള്ള എല്ലാ പിന്തുണയും നൽകുമെന്നും അധികൃതർ അറിയിച്ചു. വിദ്യാർത്ഥിനിയുടെ മരണം തികച്ചും വേദനാജനകമാണെന്നും പെൺകുട്ടിയുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും വേണ്ട എല്ലാ വിധ സഹായവും നൽകുമെന്ന് സൗത്ത് വെസ്റ്റ് ലണ്ടനിലെ പ്രാദേശിക പോലീസ് കമാൻഡറായ ഡിറ്റക്റ്റീവ് ചീഫ് സൂപ്രണ്ട് ക്ലെയർ കെല്ലണ്ട് പറഞ്ഞു. അപകടത്തെ സംബന്ധിച്ചുള്ള അന്വേഷണം പോലീസ് തുടരുകയാണ്.