ന്യൂസ് ഡെസ്ക്, മലയാളം യുകെ
ന്യൂയോർക്ക്: യുഎൻ ജനറൽ അസംബ്ലിയിൽ സംസാരിക്കുമ്പോൾ ലണ്ടൻ മേയർ സാദിഖ് ഖാനെതിരെ മോശമായ രീതിയിൽ ഭീകരനായ മേയർ എന്നും ലണ്ടൻ ശരിയത്ത് നിയമത്തിലേക്ക് പോകുന്നു എന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പരാമർശിച്ചതിനെ തുടർന്നുള്ള വിവാദം രൂക്ഷമായി. ഇതിന് മറുപടിയായി ട്രംപ് ജാതിവെറിയും സ്ത്രീവിദ്വേഷിയും, ഇസ്‌ലാം വിരുദ്ധനും ആണെന്ന് സാദിഖ് ഖാൻ പ്രതികരിച്ചു. ഒരു മുസ്ലിം സമുദായത്തിൽ പെട്ട മേയർ വിജയകരമായി നയിക്കുന്ന ലണ്ടനെ പറ്റി ട്രംപ് വീണ്ടും വീണ്ടും പരാമർശിക്കുന്നതു തന്നെ അദ്ദേഹത്തിന്റെ മനോഭാവം തുറന്നു കാണിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
ബ്രിട്ടീഷ് രാഷ്ട്രീയ രംഗത്ത് ട്രംപിന്റെ പരാമർശം വ്യാപകമായ പ്രതികരണങ്ങൾക്ക് ആണ് ഇടയാക്കിയത് . കാബിനറ്റ് മന്ത്രി പാറ്റ് മക്ഫാഡൻ ബ്രിട്ടനിൽ ബാധകമായത് ബ്രിട്ടീഷ് നിയമം മാത്രമാണ്” എന്ന് വ്യക്തമാക്കിയപ്പോൾ ജസ്റ്റിസ് മന്ത്രി സാറാ സാക്ക്മാൻ യുകെയിൽ ശരിയത്ത് നിയമത്തിന് പങ്കില്ല എന്ന് പാർലമെന്റിൽ വ്യക്തമാക്കി. വിവിധ മതങ്ങളിലെ കൗൺസിലുകൾ വിവാഹ-സാമ്പത്തിക കാര്യങ്ങളിൽ സ്വമേധയാ പ്രവർത്തിക്കുന്നുണ്ടെങ്കിലും അവയ്ക്ക് നിയമപരമായ ബാധ്യതയില്ലെന്ന് സർക്കാർ വ്യക്തമാക്കി.
ട്രംപിന്റെ പ്രസ്താവന യു.എസ്-ബ്രിട്ടൻ ബന്ധങ്ങളിൽ രാഷ്ട്രീയ പ്രതാഘാതങ്ങൾ സൃഷ്ടിക്കുമെന്ന വിലയിരുത്തലാണ് പൊതുവെ ഉയർന്ന് വന്നിരിക്കുന്നത് . ലേബർ പാർട്ടി നേതാക്കളും പ്രധാനമന്ത്രി കിയർ സ്റ്റാർമറും സാദിഖ് ഖാനെ പിന്തുണച്ചത് ആഭ്യന്തര രാഷ്ട്രീയത്തിൽ മുസ്ലിം സമൂഹത്തോടുള്ള ഐക്യദാർഢ്യത്തിന്റെ സന്ദേശമായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത് . അതേസമയം, ട്രംപിന്റെ ആരോപണങ്ങൾ ലണ്ടനിലെ മതേതരത്വ ബഹുഭാഷാ രാഷ്ട്രീയ മാതൃകയെ ചോദ്യം ചെയ്യാൻ ശ്രമിക്കുകയാണെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.
Leave a Reply