കോപ്പ അമേരിക്കയിലെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാന്പ്യന്മാരായ ബ്രസീലിന് തകർപ്പൻ വിജയം. വെനസ്വേലയെ എതിരില്ലാത്ത മൂന്നുഗോളുകൾക്കാണ് ബ്രിസീൽ കീഴടക്കിയത്.
സൂപ്പർ താരം നെയ്മറിന്റെ മികവിലായിരുന്നു മഞ്ഞപ്പടയുടെ തകർപ്പൻ ജയം. നെയ്മർ ഒരു ഗോൾ നേടുകയും രണ്ട് ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു.
23-ാം മിനിറ്റിലായിരുന്നു ബ്രിസീലിന്റെ ആദ്യ ഗോൾ. മാർകിന്യോസാണ് ആദ്യ ഗോൾ നേടിയത്. 64-ാം മിനിറ്റിലായിരുന്നു നെയ്മറിന്റെ ഗോൾ. ഡാനിലോയെ ബോക്സിനകത്തുവച്ച് ഫൗൾ ചെയ്തതിന്റെ ഫലമായാണ് കിട്ടിയ പെനാൽറ്റിയിൽനിന്നായിരുന്നു നെയ്മർ ഗോൾ നേടിയത്.
89-ാം മിനിറ്റിലാണ് മഞ്ഞപ്പടയുടെ അവസാന ഗോൾ പിറന്നത്. ഗബ്രിയേൽ ബാർബോസയാണ് വെനസ്വേലയുടെ നെഞ്ചിൽ അവസാന ആണി അടിച്ചത്. കോപ്പ അമേരിക്കയിൽ ബ്രസീൽ ഇതുവരെ വെനസ്വേലയ്ക്കെതിരേ തോറ്റിട്ടില്ല. ഈ റിക്കാർഡ് നിലനിർത്താൻ ബ്രസീലിനായി.
കോവിഡ് മൂലം വെനസ്വേല പകരക്കാരെ ഇറക്കിയാണ് കളിച്ചത്. എന്നിട്ടും ഭേദപ്പെട്ട പ്രതിരോധം കാഴ്ചവയ്ക്കാൻ വെനസ്വേലയ്ക്കും സാധിച്ചു.
ഇക്വഡോറിനെ കീഴടക്കി കൊളംബിയൻ കുതിപ്പിന് തുടക്കം. ഗ്രൂപ്പ് എ യിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് കൊളംബിയയുടെ വിജയം.
42-ാം മിനിറ്റിലായിരുന്നു കൊളംബിയയുടെ വിജയ ഗോൾ പിറന്നത്. എഡ്വിൻ കാർഡോണയാണ് വിജയ ഗോൾ ശിൽപി. പിന്നീട് സമനില ഗോളിനായി ഇക്വഡോർ കിണഞ്ഞുശ്രമിച്ചു. പക്ഷേ ഉറച്ചുനിന്ന കൊളംബിയൻ പ്രതിരോധം ഇക്വഡോറിന് വിലങ്ങുതടിയായി.
Leave a Reply