തിരുവനന്തപുരം: കൊറോണ വെെറസ് ബാധ പടരുന്ന പശ്ചാത്തലത്തിൽ അതീവ ജാഗ്രതയുമായി കേരളം. കോവിഡ്-19 നിയന്ത്രണവിധേയമാക്കാൻ വെെകിയാൽ കേരളത്തിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളില്‍ നടക്കേണ്ട
ഉപതിരഞ്ഞെടുപ്പുകൾ ഉപേക്ഷിച്ചേക്കും.
കുട്ടനാട്, ചവറ എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടത്. കൊറോണ മൂലമുള്ള സംസ്ഥാനത്തെ അസാധാരണ സാഹചര്യങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷനെ ധരിപ്പിക്കുമെന്ന് കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടികളുമായി ആലോചിച്ച ശേഷം കമ്മീഷനാകും അന്തിമ തീരുമാനമെടുക്കുകയെന്നും ടിക്കാറാം മീണ വ്യക്തമാക്കി. കുട്ടനാട് എന്‍സിപിയുടെ തോമസ് ചാണ്ടിയും ചവറയില്‍ എല്‍ഡിഎഫ് സ്വതന്ത്രനായ വിജയന് പിള്ളയും മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
ഒരു മണ്ഡലത്തില്‍ ഏതെങ്കിലും സാഹചര്യത്തില്‍ ജനപ്രതിനിധി ഇല്ലാതാകുമ്പോള്‍ ആറ് മാസത്തിനകം തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് നിയമം. കുട്ടനാട് ഉപതിരഞ്ഞെടുപ്പ് ചട്ട പ്രകാരം ജൂണ്‍ 19 നു മുന്‍പ് നടത്തണ്ടേതാണ്. ഇതിനിടയിലാണ് ചവറ നിയമസഭാ മണ്ഡലത്തില്‍ ഒഴിവു വന്നത്. രണ്ടു മണ്ഡലങ്ങളിലും ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്താനായിരുന്നു ആലോചന.
അതിനിടയിലാണ് കൊറോണ വെെറസ് ബാധ സംസ്ഥാനത്ത് പ്രതിസന്ധി സൃഷ്ടിച്ചത്. കൊറോണ മൂലം സംസ്ഥാനത്തെ സാമ്പത്തികാവസ്ഥ ദയനീയ സ്ഥിതിയിലായെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിനിടയിൽ ഒരു ഉപതിരഞ്ഞെടുപ്പ് കൂടി സംസ്ഥാനത്ത് നടത്തിയാൽ അത് ഭാരിച്ച ചെലവാകും.
കേരളത്തിൽ മൂന്ന് പേർക്ക് കൂടി ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിലെ കൊറോണ വെെറസ് ബാധിതരുടെ എണ്ണം 27 ആയി. 24 പേരാണ് ഇപ്പോൾ കൊറോണ ബാധിച്ച് ചികിത്സയിലുള്ളത്. രോഗബാധിതരായ മൂന്ന് പേർ നേരത്തെ സുഖപ്പെട്ടിരുന്നു. മലപ്പുറത്ത് രണ്ട് പേർക്കും കാസർകോട് ഒരാൾക്കുമാണ് ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചത്.
ആരോഗ്യവകുപ്പ് നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണം. ശുചിത്വം പാലിക്കുക. ആളുകൾ കൂടുന്ന പരിപാടികൾ പൂർണ്ണമായും ഒഴിവാക്കുക. പൊതു ഇടങ്ങളിൽ സാനിറ്റെെസർ സ്ഥാപിക്കണം. പൊതു സ്ഥലങ്ങളിൽ സോപ്പ് ഉപയോഗിച്ച് കെെ കഴുകാനുള്ള സൗകര്യം ഒരുക്കണം. കൊറോണ ഭീതിയെ തുടർന്ന് വ്യാപാര മേഖല നിർജീവമാണ്. പലരും കടകൾ തുറക്കുന്നില്ല. ഇത് അത്യന്തം ഗൗരവമുള്ള കാര്യമാണ്.
കെഎസ്ആർടിസിക്ക് കോടികളാണ് ഒരു ദിവസം നഷ്ടം. ദിവസം രണ്ടരക്കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നതെന്നാണ് റിപ്പോര്‍ട്ട്.
സാമ്പത്തിക രംഗം കൂടുതൽ മോശമാക്കും ഇത്. അതുകൊണ്ട് സാമൂഹ്യജീവിതം നിശ്ചലമാകുന്ന അവസ്ഥയുണ്ടാകരുത്. എല്ലാവരും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്വകാര്യ ബസുകൾക്ക് നികുതി അടയ്ക്കാൻ കൂടുതൽ സമയം നൽകുന്ന കാര്യം ആലോചിക്കുമെന്നും മുഖ്യമന്ത്രി ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Leave a Reply