പത്തനംതിട്ട∙ ‘‘പ്രായമായ അപ്പച്ചനെയും അമ്മച്ചിയെയും കാണാൻ നാട്ടിൽ എത്തിയതാണ്, രോഗമുണ്ടെന്ന് അറിയാമായിരുന്നെങ്കിൽ ഞങ്ങൾ ഈ കടുംകൈ ചെയ്യുമോ?’’ കൊറോണ സ്ഥിരീകരിച്ച കുടുംബത്തിലെ മകൻ ചോദിക്കുന്നു. വിമാനത്താവളത്തിൽ സ്വീകരിക്കാൻ എത്തിയതു സ്വന്തം സഹോദരിയും അവളുടെ 4 വയസ്സുള്ള മകളുമാണ്. രോഗം അറിയാമെങ്കിൽ ഞങ്ങൾ ആ കുഞ്ഞിനെ എടുക്കുമോ? അവൾക്ക് ഉമ്മ കൊടുക്കുമോ? നെടുമ്പാശേരി വിമാനത്താവളത്തിലെ ഏതെങ്കിലും ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടിരുന്നെങ്കിൽ സ്വയം ചികിൽസയ്ക്കു വിധേയമാകുമായിരുന്നുവെന്നും മകൻ പറഞ്ഞു.
ഇറ്റലിയിൽ നിന്നാണെന്നു പറഞ്ഞിട്ടും ഒരു പരിശോധനയ്ക്കും ആവശ്യപ്പെട്ടില്ല. കാര്യങ്ങൾ മറച്ചു വയ്ക്കാൻ ശ്രമിച്ചിട്ടില്ല. എവിടെനിന്നാണു വരുന്നതെന്നു പാസ്പോർട്ട് പരിശോധിച്ചാൽ ആർക്കും മനസ്സിലാകും. നാട്ടിലെത്തിയ ശേഷം പള്ളിയിൽ പോയെന്നും സിനിമയ്ക്കു പോയെന്നുമുള്ള ആരോപണങ്ങളും കുടുംബം നിഷേധിച്ചു. അമ്മയ്ക്ക് ആകെയുണ്ടായ പ്രയാസം രക്ത സമ്മർദംകൂടിയതാണ്. അതിനാണു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്.
നാട്ടിലെത്തിയാൽ ആശുപത്രിയിൽ റിപ്പോർട്ട് ചെയ്യണമെന്ന് അറിയില്ലായിരുന്നു. ആരും നിർദേശിച്ചുമില്ല. അങ്ങനെ സംഭവിച്ചതു കൊണ്ടാണ് സഹോദരിയും കുഞ്ഞും അടക്കം ഇപ്പോൾ ഐസലേഷനിൽ കഴിയുന്നത്. ഇറ്റലിയിൽനിന്നു പുറപ്പെടുംമുൻപ് വിമാനത്താവളത്തിൽ പരിശോധിച്ച് കൊറോണ ഇല്ലെന്ന് ഉറപ്പാക്കിയിരുന്നു.
182 യാത്രക്കാരെ വീടുകളിൽ നിരീക്ഷിക്കും
കൊച്ചി ∙ ഇറ്റലി സംഘം യാത്ര ചെയ്ത ദോഹ–കൊച്ചി ഖത്തർ എയർവേയ്സ് വിമാനത്തിലെ മറ്റു യാത്രക്കാരെ വീടുകളിൽ നിരീക്ഷണത്തിലാക്കും. യാത്രക്കാരുടെ മുഴുവൻ വിവരങ്ങളും ആരോഗ്യ വകുപ്പ് ശേഖരിച്ചു.
29നു രാവിലെ 8.20നു കൊച്ചിയിലെത്തിയ വിമാനത്തിലുണ്ടായിരുന്നത് 182 യാത്രക്കാർ. മറ്റാർക്കും നിലവിൽ രോഗലക്ഷണങ്ങളില്ല. എങ്കിലും എല്ലാവരെയും വീടുകളിൽ നിരീക്ഷിക്കുമെന്നു ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. എൻ.കെ. കുട്ടപ്പൻ പറഞ്ഞു.
വിമാനത്താവള ജീവനക്കാർ, വാഹനങ്ങളുടെ ഡ്രൈവർമാർ എന്നിവരുൾപ്പെടെ ഇറ്റലി സംഘം ബന്ധപ്പെട്ട എല്ലാവരെയും കണ്ടെത്തും. 29നു വിമാനത്താവളത്തിലുണ്ടായിരുന്ന ജീവനക്കാരോടും ആരോഗ്യ പരിശോധനയ്ക്കു നിർദേശിച്ചിട്ടുണ്ട്.
ശബരിമലയിലും മുൻകരുതൽ
ശബരിമല ∙ കൊറോണ രോഗബാധ ഉള്ളവരും അവരുമായി ഇടപഴകിയവരും ദർശനത്തിന് എത്തുന്നത് ഒഴിവാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു പറഞ്ഞു. മീന മാസ പൂജയ്ക്കായി ക്ഷേത്രനട 13നു തുറക്കും. 18 വരെ പൂജകൾ ഉണ്ടാകും.
Leave a Reply