എടത്വാ: ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വരുമാനം നിലച്ച് ആവശ്യ സാധനങ്ങൾ ഇല്ലാതെ ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്കും കിടപ്പ് രോഗികൾക്കും സൗജന്യമായി ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്ത് സൗഹൃദ വേദി.
ഉപ്പ്, 5 കിലോഗ്രാം അരി, പഞ്ചസാര, തെയില, എണ്ണ ,പരിപ്പ് ,വൻപയർ, കടുക്, സോപ്പ് ,പപ്പടം എന്നിവ ഉൾപെടെ 10 ഇനങ്ങൾ അടങ്ങുന്ന കിറ്റ് ആണ് സൗഹൃദ വേദി വിതരണം ചെയ്യുന്നത്.എടത്വാ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് സിസിൽ ക്രിസ്ത്യൻരാജ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. സൗഹൃദ വേദിയുടെ പ്രവർത്തനങ്ങൾ മാതൃകപരമാണെന്ന് എസ്.ഐ: സിസിൽ ക്രിസ്ത്യൻരാജ് പറഞ്ഞു.
ചെയർമാൻ ഡോ.ജോൺസൺ വി.ഇടിക്കുള, സെക്രട്ടറി വിൻസൻ പൊയ്യാലുമാലിൽ, ട്രഷറാർ സുരേഷ് പരുത്തിക്കൽ, ബാബു വാഴക്കൂട്ടത്തിൽ, പി.ഡി കലേശൻ എന്നിവർ നേതൃത്വം നല്കി. ഈ പ്രദേശത്ത് ദാവീദ് പുത്ര ചാരിറ്റബിൾ ട്രസ്റ്റ് വൈസ് ചെയർമാൻ തോമസ് കെ. തോമസിൻ്റെ നേതൃത്വത്തിൽ കുടിവെളളവും വിതരണം ചെയ്യുന്നുണ്ട്. ഇവിടെ പൊതു ടാപ്പ് ഉണ്ടെങ്കിലും അതിലൂടെ ശുദ്ധജലം എത്തിയിട്ട് രണ്ടര പതിറ്റാണ്ട് കഴിയുന്നു. പല തവണ പഞ്ചായത്തിനെ സമീപിച്ചെങ്കിലും അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചില്ല.ശുദ്ധജല ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ സൗഹൃദ സമിതി സ്വന്തം ചിലവിൽ കിയോസ്ക് സ്ഥാപിക്കുകയായിരുന്നു.
കേന്ദ്ര – സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച പദ്ധതികൾ മനുഷ്യ ജീവന് വില കൊടുത്തു കൊണ്ടുള്ള പദ്ധതികൾ ആണെന്നും രാഷ്ട്രം ഈ യുദ്ധത്തിൽ പൂർണ്ണമായും ജയിക്കുമെന്നും വരും ദിവസങ്ങളിൽ കൂടുതൽ അർഹരായ കുടുംബങ്ങളിലേക്ക് അവശ്യസാധനങ്ങൾ അടങ്ങിയ കിറ്റുകൾ എത്തിക്കുമെന്നും ഡോ.ജോൺസൺ വി. ഇടിക്കുള പറഞ്ഞു.എടത്വാ പപ്പാസ് ഫാമിലി മാർട്ടിലെ ജീവനക്കാർ ആണ് കൂടുതൽ മുൻകരുതൽ സജജീകരണങ്ങളോടുകൂടി കിറ്റുകൾ തയ്യാറാക്കുന്നത്.
Leave a Reply