കേരളത്തില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ അതിവേഗം വികസനം സാധ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാജ്യത്ത് ബിജെപി സര്‍ക്കാര്‍ എവിടെയൊക്കെ ഉണ്ടോ, അവിടെയെല്ലാം വികസനം അതിവേഗമാണ്. അവിടെയെല്ലാം ഇരട്ട എന്‍ജിന്‍ സര്‍ക്കാരുകളാണ് ഭരിക്കുന്നത്. കേരളത്തിലും ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ വികസനം കൂടുതല്‍ ശക്തമാകുമെന്ന് മോഡി കൊച്ചിയില്‍ പറഞ്ഞു.

പ്രധാനമന്ത്രി മലയാളത്തിലാണ് പ്രസംഗത്തിന് തുടക്കമിട്ടത്. കേരളം സാംസ്‌കാരിക വൈവിധ്യവും പ്രകൃതി ഭംഗിയും കൊണ്ട് അനുഗ്രഹീതമാണെന്ന് മോഡി പറഞ്ഞു. കേരളം മനോഹരമായ നാടാണ്. കസവുമുണ്ടും നേര്യതും ധരിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി കൊച്ചിയിലെത്തിയത്. ഇന്നും നാളെയുമായി വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. മലയാളികള്‍ക്ക് ഓണാശംസകളും മോഡി നേര്‍ന്നു.

കേന്ദ്രസര്‍ക്കാര്‍ ഓരോ ജില്ലകളിലും ചുരുങ്ങിയത് ഒരു മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതിന് പ്രധാന്യം നല്‍കുകയാണ്. ഇത് കേരളത്തിലെ യുവാക്കള്‍ക്ക് പ്രത്യേകിച്ച് നേഴ്‌സിംഗ് പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കും ഗുണം കിട്ടുമെന്ന പറയുന്നതില്‍ സന്തോഷം. കേരളത്തിലെ പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വലിയ പ്രാധാന്യം കൊടുക്കുന്നുണ്ട്.

കേരളത്തിലെ ഹൈവേയുമായി ബന്ധപ്പെട്ട് 50000 കോടി രൂപയോളം മാറ്റി വെച്ചിരിക്കുകയാണ്. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം കേരളത്തില്‍ രണ്ട് ലക്ഷം വീട് നല്‍കിയെന്ന് മോഡി പറഞ്ഞു. ഒരു ലക്ഷം വീടുകള്‍ ഇതിനകം പൂര്‍ത്തിയാക്കി. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പോലെ പദ്ധതി മത്സ്യത്തൊഴിലാളി മേഖലയിലും നടപ്പാക്കുകയാണ്.

മത്സ്യത്തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷയും ആധുനിക വളളങ്ങളും നല്‍കും. കര്‍ഷര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും വേണ്ടി സര്‍ക്കാര്‍ നിരന്തരം പ്രവര്‍ത്തിക്കുകയാണ്. പി എം കിസാന്‍ സമ്മാന്‍ നിധിയുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ മൂന്നരലക്ഷം കുടുംബങ്ങള്‍ക്ക് അതിന്റെ ഗുണം കിട്ടുന്നുവെന്നും മോദി പറഞ്ഞു.