ലണ്ടൻ: ബ്രിട്ടനിൽ കൊറോണ വൈറസ് ഭീതി അകലുന്നില്ല. ഓരോ ദിവസവും രോഗം കൂടുതൽ പേരിലേക്കു പടരുന്നതിന്റെ വാർത്തകളാണ് പുറത്തു വരുന്നത്. ഇതുവരെ രാജ്യത്തൊട്ടാകെ എട്ടുപേർക്കാണു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ അത്യാഹിത വിഭാഗത്തിൽ ജോലി ചെയ്യുന്ന ഒരു ഡോക്ടറും ഉൾപ്പെടുന്നു.
വെസ്റ്റ് സസെക്സിലെ വർത്തിംങ്ങിലുള്ള ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിൽ ജോലിചെയ്ത ജി.പി. ഡോക്ടർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഡോക്ടർക്ക് രോഗബാധ സ്ഥിരീകരിച്ചെങ്കിലും ആശുപത്രിയുടെ പ്രവർത്തനത്തിനു തടസം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. നേരത്തെ ബ്രൈറ്റണിൽ രണ്ട് ജിപി സർജറികൾ രോഗബാധിതരുടെ സമ്പർക്കത്തിന്റെ പശ്ചാത്തലത്തിൽ താൽകാലികമായി അടച്ചിരുന്നു.
ബ്രിട്ടനിൽ ഇതുവരെ 1358 പേരെയാണ് രോഗബാധ സംശയിച്ച് പരിശോധകൾക്ക് വിധേയരാക്കിയത്. ഇതിൽ എട്ടുപേർക്കുമാത്രമേ രോഗം സ്ഥിരീകരിച്ചുള്ളു. ഇവരെല്ലാം പ്രത്യേകം ഐസൊലേഷൻ സെന്ററുകളിലും വീടുകളിലുമായി ചികിൽസയിലാണ്. രോഗബാധയുടെ പശ്ചാത്തലത്തിൽ ബ്രൈറ്റണിൽ അഞ്ചു സ്കൂളുകളിൽ കൊറോണ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. രോഗബാധ സംശയിക്കുന്നവർ സ്കൂളിൽ വരാതെ ആരോഗ്യവകുപ്പ് അധികൃതരുമായി ബന്ധപ്പെടണമെന്നാണ് മുന്നറിയിപ്പ്.
Leave a Reply