കുന്നംകുളത്ത് അമ്മയ്ക്ക് ചായയിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ഇന്ദുലേഖയ്ക്ക് എട്ട് ലക്ഷത്തിന്റെ ബാധ്യത ഉണ്ടായത് ഓൺലൈൻ റമ്മി കളിയിലൂടെയെന്ന് പോലീസ്. ഇത് വീട്ടാൻ വീടിന്റെ ആധാരം നൽകാതിരുന്നതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് ക്രൂരമായ കൃത്യത്തിലേയ്ക്ക് ഇന്ദുലേഖയെ നയിച്ചത്.

അമ്മ രുഗ്മണിയാണ് മകളുടെ കൈകളാൽ മരണപ്പെട്ടത്. പിതാവ് ചന്ദ്രനും ഇന്ദുലേഖ ഗുളികകളും കീടനാശിനികളും ഭക്ഷണത്തിൽ കലർത്തി നൽകാറുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. കൂടത്തായി കേസിലെ സമാനതയാണ് ഇവിടെയും കണ്ടെത്തിയത്. തെളിവെടുപ്പിൽ വീട്ടിൽ നിന്ന് എലിവിഷം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

+2 വിദ്യാർത്ഥിയായ മകൻ ഓൺലൈൻ റമ്മി കളിച്ചത് വഴി നഷ്ടമായത് 5 ലക്ഷത്തിലേറെ രൂപയാണ്. പ്രവാസിയായ ഭർത്താവിന്റെ അക്കൗണ്ടിൽ നിന്നാണ് ലക്ഷങ്ങൾ നഷ്ടമായത്. ഇതടക്കം എട്ട് ലക്ഷത്തിന്റഎ ബാധ്യതയാണ് ഇന്ദുലേഖയ്ക്ക് ഉണ്ടായിരുന്നച്. ഭർത്താവ് പണം എവിടെ പോയി എന്ന് ചോദിക്കും എന്ന ആശങ്കയിലാണ് ഇന്ദുലേഖ വീടിന്റെ ആധാരം പണയം വയ്ക്കാൻ മാതാപിതാക്കളോട് ചോദിച്ചത്.

എന്നാൽ രുഗ്മണിയും ചന്ദ്രനും ഇതിനെ എതിർത്തു. ഇതോടെ വൈരാഗ്യമായി . ഇരുവരെയും കൊലപ്പെടുത്താനായി ആസൂത്രണം നടത്തി. ഭക്ഷണത്തിൽ ഗുളികകളും പ്രാണികളെ പ്രതിരോധിക്കുന്ന ചോക്കും കലർത്തി നൽകി. 2 മാസം മുമ്പ് തന്നെ ഇതിന്റെ ആസൂത്രണം നടത്തിയിരുന്നതായി പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു. കിഴൂർ കാക്കത്തുരുത്തിലെ വീട്ടിൽ ഇന്ദുലേഖയുമായി നടത്തിയ തെളിവെടുപ്പിൽ കൊലയ്ക്ക് ഉപയോഗിച്ച എലിവിഷക്കുപ്പിയും പാത്രങ്ങളും കണ്ടെത്തി.