സ്വന്തം ലേഖകൻ
ലണ്ടൻ : കൊറോണ വൈറസ് ബാധ പടർന്നുപിടിച്ചതോടെ ചൈനയുടെ മിക്ക ഭാഗങ്ങളിൽ നിന്നും വിദേശികൾ കൂട്ടത്തോടെ നാട്ടിലേക്ക് എത്തുകയാണ്. ചൈനയിലെ വുഹാനിൽ നിന്നും ബ്രിട്ടീഷുകാരെ നാട്ടിലെത്തിക്കാനായി അവസാന യുകെ വിമാനം ഞായറാഴ്ച പുറപ്പെടും. വിമാനം ഞായറാഴ്ച പുലർച്ചെ പുറപ്പെട്ട് റാഫ് ബ്രൈസ് നോർട്ടണിൽ ഇറങ്ങുമെന്ന് വിദേശകാര്യ ഓഫീസ് അറിയിച്ചു. രോഗം കൂടുതൽ വ്യാപകമാവുന്നതിനു മുമ്പ് തന്നെ ആളുകളെ സ്വന്തം നാട്ടിൽ എത്തിക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമായിട്ടാണിത്. നൂറിലധികം യുകെ പൗരന്മാരെയും കുടുംബാംഗങ്ങളെയും ഇതിനകം വുഹാനിൽ നിന്ന് ബ്രിട്ടനിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. ഹ്യൂബി പ്രവിശ്യയിൽ 150 നും 200 നും ഇടയിൽ ബ്രിട്ടീഷുകാരും അവരുടെ ബന്ധുക്കളും താമസിക്കുന്നുണ്ട്. ഇതിൽ നൂറോളം കുടുംബങ്ങൾ സഹായം ആവശ്യപ്പെട്ടതായി വിദേശകാര്യ ഓഫീസ് അറിയിച്ചു.
ബ്രിട്ടീഷ് പൗരന്മാരെ ഹുബെ പ്രവിശ്യയിൽ നിന്ന് യുകെ, ഫ്രഞ്ച്, ന്യൂസിലാന്റ് വിമാനങ്ങളിൽ തിരിച്ചെത്തിക്കാൻ പരമാവധി ശ്രമിക്കുകയാണെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു. ഈ വിമാനത്തിൽ തിരിച്ചെത്താൻ ആഗ്രഹിക്കുന്ന ഹുബെയിലെ എല്ലാ ബ്രിട്ടീഷ് പൗരന്മാരും രജിസ്റ്റർ ചെയ്യണം. +86 (0) 1085296600, +44 (0) 2070081500 എന്നീ രണ്ട് ടെലിഫോൺ നമ്പറുകളിൽ ഏതുസമയത്തും ഹുബെയിലെ ബ്രിട്ടീഷ് പൗരന്മാർക്ക് വിദേശകാര്യ ഓഫീസുമായി ബന്ധപ്പെടാമെന്നും അദ്ദേഹം അറിയിച്ചു. വുഹാനിൽ നിന്ന് യുകെ സർക്കാർ ക്രമീകരിച്ച വിമാനത്തിൽ 83 ബ്രിട്ടീഷ് പൗരന്മാർ വെള്ളിയാഴ്ച തിരിച്ചെത്തി. ചൈനയിൽ നിന്ന് എത്തുന്നവരെയെല്ലാം ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിക്കുകയാണ്. രോഗലക്ഷണങ്ങളുണ്ടെന്ന് കരുതുന്ന ആരും വീടുകളിലേക്ക് പോകരുതെന്നും ഉടൻ തന്നെ 111 ലേക്ക് ബന്ധപ്പെടണമെന്നും ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് അറിയിച്ചു. രോഗലക്ഷണങ്ങൾ കാണിക്കാത്ത ഒരാൾക്ക് വൈറസ് പകരാനുള്ള സാധ്യത വളരെ കുറവാണെന്നും ഹാൻകോക്ക് പറഞ്ഞു. വൈറസ് ബാധിക്കാനുള്ള സാധ്യത കുറയ്ക്കുന്നതിന് ചൈന വിട്ടുപോകാൻ വിദേശകാര്യ ഓഫീസ് ബ്രിട്ടീഷുകാരോട് നിർദ്ദേശിച്ചിരുന്നു. ബ്രിട്ടനിൽ ഇതുവരെ രണ്ടുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
കൊറോണ വൈറസ് ബാധയിൽ മരിച്ചവരുടെ എണ്ണം 492 ആയി ഉയർന്നു. ചൈനയിൽ മാത്രം 490 പേരും ഫിലിപ്പിൻസിലും ഹോങ്കോങ്ങിലും ഒരാൾ വീതവുമാണ് മരിച്ചത്. 24,324 പേർക്ക് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനക്ക് പുറമെ 25 രാജ്യങ്ങളിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.
Leave a Reply