സ്വന്തം ലേഖകൻ
ലോകമെങ്ങും കൊറോണ ബാധ പടരുന്ന സാഹചര്യത്തിൽ, ആഗോള സാമ്പത്തിക മേഖല 2009 നു ശേഷമുള്ള ഏറ്റവും കുറഞ്ഞ വളർച്ച നിരക്കിലേക്ക് നീങ്ങുകയാണെന്ന് ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോർപ്പറേഷൻ ആൻഡ് ഡെവലപ്മെന്റിന്റെ (ഒ ഇ സി ഡി ) മുന്നറിയിപ്പ്., 2019 നവംബറിൽ 2.9 ശതമാനമായിരുന്ന വളർച്ച നിരക്ക്, 2020-ൽ എത്തിയപ്പോഴേക്കും 2.4 ശതമാനമായി ചുരുങ്ങിയിരിക്കുകയാണ്. ഇനിയും വളർച്ചാനിരക്ക് കുറയുവാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ വർഷമാദ്യം റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ ബാധ കുറയുകയാണെങ്കിൽ വളർച്ചനിരക്ക് മെച്ചപ്പെടുവാനുള്ള സാധ്യതയുണ്ടെന്ന് ആയിരുന്നു ഒ ഇ സി ഡി മുൻപ് വ്യക്തമാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ ഈ വൈറസ് ഏഷ്യ,യൂറോപ്പ്, നോർത്ത് അമേരിക്ക എന്നിവിടങ്ങളിൽ ശക്തമായി പടർന്നു കൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ, രാജ്യങ്ങൾ സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് കൂപ്പുകുത്താനുള്ള സാധ്യത ഏറെയാണെന്ന് ഒ ഇ സി ഡിയുടെ മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞൻ ആയിരിക്കുന്ന ലോറെൻസ് ബൂൺ വ്യക്തമാക്കി.
2008 – ലെ സാമ്പത്തിക പ്രതിസന്ധിയ്ക്കുശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കഴിഞ്ഞ ആഴ്ച മുഖ്യ ഓഹരിവിപണികൾ ഇടിഞ്ഞു. ലോകത്ത് ആകമാനമുള്ള കേന്ദ്രീകൃത ബാങ്കുകൾ ഈ സാഹചര്യത്തിൽ സഹായത്തിന് എത്തുമെന്ന പ്രതീക്ഷയിലാണ് സാമ്പത്തിക ലോകം. ബാങ്ക് ഓഫ് ഇംഗ്ലണ്ട് തങ്ങളുടെ സഹകരണങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. രാജ്യത്തെ സാമ്പത്തിക സുസ്ഥിരത നിലനിർത്തുവാൻ ബാങ്ക് എല്ലാവിധ സഹകരണങ്ങളും ചെയ്യുമെന്ന് ബാങ്ക് വക്താവ് അറിയിച്ചു.
ആഗോള ഓഹരി വിപണിയുടെ തകർച്ച തടയുന്നതിന് സഹായവുമായി ജപ്പാൻ സെൻട്രൽ ബാങ്കും, യുഎസ് ഫെഡറൽ റിസർവും മുന്നോട്ടുവന്നിട്ടുണ്ട്. കൊറോണ ബാധ നേരിടുവാൻ ഗവൺമെന്റുകൾ എല്ലാവിധ സാമ്പത്തിക സഹായങ്ങളും വർദ്ധിപ്പിക്കണമെന്ന ആവശ്യവും ഒ ഇ സി ഡി മുന്നോട്ടുവെച്ചിട്ടുണ്ട്.
Leave a Reply