ബ്രൈറ്റണ്‍: കമ്യൂണല്‍ ബിന്നില്‍ കാര്‍ഡ്‌ബോര്‍ഡ് പെട്ടി നിക്ഷേപിച്ച വീട്ടമ്മയ്ക്ക് കനത്ത പിഴയും പ്രോസിക്യൂഷന്‍ ഭീഷണിയും. ബ്രൈറ്റണ്‍ ആന്‍ഡ് ഹോവ് സിറ്റി കൗണ്‍സില്‍ ചുമതലപ്പെടുത്തിയിരിക്കുന്ന സ്വകാര്യ പരിസ്ഥിതി എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സി 3ജിഎസ് ആണ് ആലിസണ്‍ മേപ്പിള്‍റ്റോഫ്റ്റ് എന്ന വീട്ടമ്മയ്ക്ക് പിഴ നല്‍കിയത്. ഈ ‘കുറ്റ’ത്തിന് ആലിസണിന് ജയില്‍ ശിക്ഷ വരെ ലഭിക്കാമെന്ന ഭീഷണിയും കമ്പനി മുഴക്കിയതായാണ് വിവരം. ക്രിസ്തുമസിന് മുമ്പാണ് ഈ സംഭവങ്ങള്‍ ഉണ്ടായത്. വീട്ടില്‍ ഇവര്‍ നടത്തി വരുന്ന സ്‌കാര്‍ഫ്, കുഷ്യന്‍ നിര്‍മാണ യൂണിറ്റിലെ മാലിന്യം പൊതു മാലിന്യ നിക്ഷേപ സംവിധാനത്തില്‍ ഇട്ടു എന്നതാണ് കുറ്റം.

നിമയവിരുദ്ധമായി മാലിന്യ നിക്ഷേപം നടത്തിയെന്ന് ആരോപിച്ചാണ് ഇവര്‍ക്ക് കമ്പനി പിഴ ചുമത്തിയത്. തെറ്റായ സ്ഥലത്ത് കാര്‍ഡ്‌ബോര്‍ഡ് പെട്ടി ഇട്ടതിന് 300 പൗണ്ടും വ്യവസായ സംരംഭത്തിന്റെ മാലിന്യ നിര്‍മാര്‍ജനക്കരാര്‍ എടുക്കാത്തതിന് മറ്റൊരു 300 പൗണ്ടുമാണ് ഇവര്‍ക്ക് പിഴയായി നല്‍കിയത്. ഇത് അടച്ചില്ലെങ്കില്‍ ജയിലില്‍ പോകേണ്ടി വരുമെന്ന ഭീഷണിയും കമ്പനി മുഴക്കി. ക്രിസ്തുമസ് ദിവസമാണ് ആലിസണിനും കുടുംബത്തിനും ഈ ഭീഷണി ലഭിക്കുന്നത്. ഇവരുടെ എട്ട് വയസുള്ള കുട്ടി ഇത് കേട്ട് ഭയന്ന് കരഞ്ഞതായും ആലിസണ്‍ പറയുന്നു. ഇത്രയും പണം പിഴയായി ലഭിക്കാന്‍ താന്‍ ചെയ്ത തെറ്റ് എന്താണെന്ന് അറിയില്ലെന്നും അവര്‍ പറഞ്ഞു.

ഒരു കാര്‍ഡ്‌ബോര്‍ഡ് പെട്ടി കമ്യൂണല്‍ ബിന്നില്‍ ഇട്ടതിനാണ് ഇത്രയും വലിയ നടപടിയുമായി കമ്പനി എത്തിയിരിക്കുന്നത്. അതിനുള്ളില്‍ മറ്റ് മാലിന്യങ്ങളൊന്നും ഉണ്ടായിരുന്നുമില്ല. താന്‍ നിയമവിരുദ്ധമായി മാലിന്യം നിക്ഷേപിച്ചതായി കരുതുന്നില്ലെന്നും അവര്‍ പറഞ്ഞു. തെറ്റായ പെനാല്‍റ്റി നോട്ടീസ് ലഭിച്ചതായി ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ 3ജിഎസ് കമ്പനിയെ അറിയിക്കുകയോ കൗണ്‍സിലിന് പരാതി നല്‍കുകയോ ചെയ്യാമെന്നാണ് ഇക്കാര്യത്തില്‍ ബ്രൈറ്റണ്‍ ആന്‍ഡ് ഹോവ് സിറ്റി കൗണ്‍സില്‍ പ്രതികരിച്ചത്. പ്രശ്‌നം പരിഹരിക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും കമ്പനി വ്യക്തമാക്കി.