ലോക്ഡൗണിന്റെ ഏറ്റവും ഭീകരമായ അവസ്ഥയിലൊന്നാണിത്. കോവിഡ് ബാധയെത്തുടർന്ന് മരിച്ച അച്ഛനെ ഓർത്ത് കുടുംബം വിലപിക്കുന്നത് മൂന്നു രാജ്യങ്ങളിലിരുന്ന്. ഒരു മേശയ്ക്കു ചുറ്റും ചിരിച്ചും കളിച്ചും ജീവിച്ചവരാണ് ചിന്നഭിന്നമായി പലയിടത്തും കഴിയുന്നത്.
രണ്ടാഴ്ചയ്ക്കുള്ളിൽ മടങ്ങിവരാനായാണ് ആ പിതാവ് ടാൻസാനിയയിലേക്കു പോയത്. രോഗബാധിതയായിക്കിടക്കുന്ന മാതാവിനെ കാണാൻ മകളെ ദുബായിലെ വീട്ടിൽ സഹായിക്കൊപ്പം നിർത്തി അമ്മ ലണ്ടനിലേക്കും പോയി.
മകൻ ജോലിക്കായി ടാൻസാനിയയിലും. തുടർന്ന് ലോക്ഡൗൺ വന്നു. രാജ്യാന്തരതലത്തിലെ യാത്രകൾക്കു നിയന്ത്രണങ്ങളും വന്നു. കോവിഡ് ബാധിച്ച് പിതാവ് പിതാവ് ടാൻസാനിയയിൽ വച്ചു മരിച്ചപ്പോൾ ഒറ്റയ്ക്കിരുന്നു കയരുകയല്ലാതെ ആ പാവം കൗമാരക്കാരിക്ക് മറ്റൊന്നിനും ആവതില്ലായിരുന്നു.
ബിസിനസ് ആവശ്യത്തിനായി ടാൻസാനിയയിലേക്കു പോയി അവിടെവച്ച് കോവിഡ് ബാധിച്ച് മരിച്ച ഇനായത്ത് അലി ധല്ലയെയോർത്ത് കരയുകയാണ് ലണ്ടനിലുള്ള ഭാര്യ സബീന ധല്ലയും ദുബായിൽ കഴിയുന്ന മകളും ടാന്‍സാനിയയിൽ കഴിയുന്ന മകനും. ഒറ്റയ്ക്കായിപ്പോയ മകളെക്കാണാൻ എത്രയും പെട്ടെന്ന് തനിക്ക് യാത്രയ്ക്കുള്ള അവസരം ഒരുക്കിത്തരണമെന്ന് സബീന യുഎഇ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. മൂന്നുരാജ്യങ്ങളിലിരുന്ന് വിലപിക്കുകയാണ് കുടുംബം.
തന്റെ 47ാം പിറന്നാളിന് രണ്ടാഴ്ചയ്ക്കുമുൻപാണ് ധല്ല മരിക്കുന്നത്. കോവിഡ് മൂലം രാജ്യാന്തര യാത്രയ്ക്കു നിയന്ത്രണം വന്നതോടെ ടാൻസാനിയയുടെ തലസ്ഥാനമായ ദാറെസ് സലാമിൽ കുടുങ്ങിപ്പോയ ധല്ല, അതേ രോഗം ബാധിച്ചാണ് മരിച്ചത്. ഇന്ത്യക്കാരിയായ സബീന ധല്ല ടാൻസാനിയയ്ക്കു പോയതോടെ രോഗിയായ അമ്മയെ കാണാൻ ലണ്ടനിലേക്കും പോയി. രണ്ടു ദിവസത്തിനുള്ളിൽ തിരിച്ചെത്താനുദ്ദേശിച്ചതിനാൽ മകൾ പതിനേഴുകാരി ഹാദിയയെ അൽ ഘൗസസ് മേഖലയിലെ അപ്പാർട്മെന്റിൽ വീട്ടുജോലിക്കാരിക്കൊപ്പം ആക്കിയിട്ടുപോയി. ഇതിനുപിന്നാലെയാണ് ലോക്ഡൗൺ വന്നത്.
‘ധല്ല പ്രമേഹരോഗിയായിരുന്നു. ഏപ്രിൽ പകുതിയോടെ പെട്ടെന്നു രോഗബാധിതനായി. മകൻ മുജ്തബ ടാന്‍സാനിയയിൽ പൈലറ്റാണ്. അവൻ ഉടൻതന്നെ അഗാ ഖാൻ ആശുപത്രിയിൽ എത്തിച്ചു. അവിടുത്തെ പരിശോധനയിലാണ് കൊറോണ വൈറസ് പോസിറ്റീവ് ആണെന്നു കണ്ടെത്തിയത്,’ – സബീന പറഞ്ഞു.
പിതാവിന്റെ അവസ്ഥ വളരെ പെട്ടെന്നാണ് മോശമായതെന്ന് മജുതബ പറഞ്ഞു. വെന്റിലേറ്ററിൽ ആക്കിയെങ്കിലും അദ്ദേഹത്തിന് മുന്നോട്ടുപോകാനായില്ല. ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു.
കുടുംബം തകർന്നെങ്കിലും മകളെയും മകനെയും കാണണമെന്നും എത്രയും പെട്ടെന്നു കൂടിച്ചേരണമെന്ന് ആഗ്രഹിക്കുന്നതായും സബീന പറയുന്നു. ‘എന്നെയും മകനെയും യുഎഇയിൽ തിരികെ എത്തിക്കണം. ഞങ്ങൾക്ക് ആർക്കും സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനായില്ല. ആരുമില്ലാതെ ഒറ്റപ്പെട്ടുപോയ മകളുടെ അടുത്തേക്ക് എനിക്കെത്തണം. യുകെയിൽനിന്ന് ദുബായിലേക്ക് പ്രവാസികളെ കൊണ്ടുപോകുന്ന വിമാനങ്ങളുണ്ട്. ഇവയിൽ കയറാൻ തനിക്ക് അനുവാദം വേണം.’ – അവർ കൂട്ടിച്ചേർത്തു.
Leave a Reply