കൊറോണ സിനിമ വ്യവസായത്തെ കൊണ്ടെത്തിച്ചിരിക്കുന്നത് പ്രതിസന്ധിയില്‍. കൊറോണക്കാലത്തെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മാറാതെ ജനം തിയേറ്ററുകളിലേക്ക് എത്താനും സാധ്യത കുറവാണ്. ഈ യാഥാര്‍ത്ഥ്യവും സിനിമ ലോകം മുന്നില്‍ കാണുന്നുണ്ട്. തിയേറ്റര്‍ ഉടമകള്‍ക്കും ഈ ഭയമുണ്ട്. ഒരു മാസത്തിലേറെയായി തിയേറ്ററുകള്‍ അടച്ചിടേണ്ടി വന്നതിലൂടെ ഭീമമായ നഷ്ടമാണ് ഉടമകള്‍ക്ക് ഉണ്ടായിരിക്കുന്നത്. ഈ നഷ്ടത്തില്‍ നിന്നും കരകയറാന്‍ സര്‍ക്കാര്‍ സഹായിക്കണമെന്നാണ് അവരുടെ ആവശ്യം. മുഖ്യമന്ത്രിയുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുമെന്നാണ് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള(ഫിയോക്) ജനറല്‍ സെക്രട്ടറി എം സി ബോബി പറഞ്ഞത്.
മധ്യവേനലവധിയും വിഷുക്കാലവും നഷ്ടപ്പെടുകയും പെരുന്നാള്‍ക്കാലം പ്രവചനീതതവുമായ സ്ഥിതിക്ക് പുതിയ റിലീസുകള്‍ എപ്പോള്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ നിര്‍മാതാക്കള്‍ക്കും സംവിധായകര്‍ക്കും ഉറപ്പ് പറയാന്‍ കഴിയുന്നില്ല. പ്രളയകാലത്തേതിനു സമാനമായ രീതിയില്‍ ജനങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെങ്കില്‍ വന്‍ നഷ്ടമായിരിക്കും ഏറ്റുവാങ്ങേണ്ടി വരിക. അതിനാല്‍, ലോക് ഡൗണ്‍ കാലത്തിനു മുമ്പ് തിയേറ്ററുകളില്‍ ഉണ്ടായിരുന്ന ചിത്രങ്ങളും ചെറി ബഡ്ജറ്റ് സിനിമകളും അതുപോലെ, അന്യഭാഷ സിനിമകളുമായിരിക്കും ആദ്യഘട്ടത്തില്‍ തിയേറ്ററില്‍ എത്താന്‍ സാധ്യത. ഇവയുടെ അവസ്ഥ മനസിലാക്കി മാത്രമായിരിക്കും മരക്കാര്‍, മാലിക് പോലുള്ള സിനിമകളുടെ റിലീസിംഗ്. ഫിയോക് ജനറല്‍ സെക്രട്ടറി എം സി ബോബി ചൂണ്ടിക്കാണിക്കുന്നതും ഇതേ സാധ്യതയാണ്.
അതേസമയം, മുടങ്ങി കിടക്കുന്ന സിനിമ ചിത്രീകരണം പുനരാരംഭിക്കാന്‍ ഇനിയമേറെക്കാലം എടുക്കുമെന്നാണ് അറിയുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയവയും റിലീസിന് തയ്യാറായി നില്‍ക്കുന്നതുമായ സിനിമകള്‍ തിയേറ്ററുകളില്‍ എത്തിക്കുന്നതിനായിരിക്കും മുന്‍ഗണന. അതിനുശേഷം മാത്രമെ ചിത്രീകരണങ്ങള്‍ പുനരാംരഭിക്കുന്നതിനെക്കുറിച്ച്ആ ലോചിക്കുകയുള്ളൂവെന്നാണ് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞത്. ഉണ്ണികൃഷ്ണന്റെ വാക്കുകള്‍; ‘ഇപ്പോള്‍ നമ്മുടെ മുന്‍പിലുള്ള പ്രധാന പ്രതിസന്ധിയെന്നു പറയുന്നത്, തയ്യാറായിരിക്കുന്നതും പാതിവഴിയില്‍ കിടക്കുന്നതുമായ സിനിമകള്‍ പൂര്‍ത്തിയാക്കി തിയേറ്ററുകളില്‍ എത്തിക്കുകയെന്നതാണ്. എങ്കിലെ ഈ വ്യവസായം ട്രാക്കില്‍ എത്തുകയുള്ളൂ. മുന്നോട്ട് ഓടനുള്ള ഊര്‍ജ്ജം അവിടെ നിന്നും കിട്ടണം. അതു കഴിഞ്ഞു മാത്രമെ ഇപ്പോള്‍ മുടങ്ങി കിടക്കുന്നതും പുതിയതുമായ ചിത്രീകരണങ്ങളെക്കുറിച്ച് ആലോചിച്ചിട്ടു കാര്യമുള്ളൂ. ഇപ്പോഴത്തെ സാഹചര്യം വച്ച് സിനിമ ചിത്രീകരണം വളരെ നീണ്ടു പോകാന്‍ സാധ്യതയുണ്ട്’.
എന്തായാലും മലയാള സിനിമ വ്യവസായം വലിയൊരു തകര്‍ച്ച മുന്നില്‍ കാണുന്നുണ്ടെന്നു സിനിമപ്രവര്‍ത്തകര്‍ സമ്മതിക്കുകയാണ്. ഇതെങ്ങനെ നേരടുമെന്നതിനെ ആശ്രയിച്ചായിരിക്കും ഈ വ്യവസായത്തിന്റെ ഇനിയുള്ള നിലനില്‍പ്പെന്നാണ് ഉണ്ണികൃഷ്ണന്‍ ചൂണ്ടിക്കാണിക്കുന്നത്.
‘എത്രകാലം ഈ പ്രതിസന്ധി നീണ്ടുനില്‍ക്കുമെന്നറിയില്ല. കെട്ടികിടക്കുന്ന സിനിമകളുണ്ട്, റിലീസിന് തയ്യാറായവുണ്ട്, പാതിവഴിയിലും പോസ്റ്റ് പ്രൊഡക്ഷനിലും നിന്നുപോയവയുണ്ട്. ഈ സിനിമകളൊക്കെ പൂര്‍ത്തിയാക്കി തിയേറ്ററില്‍ കൊണ്ടുവരികയെന്നത് ശ്രമകരമായ ജോലി തന്നെയാണ്. മലയാള സിനിമയുടെ ഏറ്റവും മികച്ച സീസണാണ് വിഷുക്കാലം. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങള്‍ തിയേറ്ററുകളില്‍ മറ്റെന്നത്തേക്കാളുമേറെ ആളുകയറുന്ന കാലമാണ്. മലയാളത്തിലെ ഏറ്റവും ചെലവേറിയ മരയ്ക്കാര്‍-അറബിക്കടലിന്റെ സിംഹം, ഫഹദിന്റെ കരിയറിലെ ഏറ്റവും മുതല്‍ മുടക്കുള്ള സിനിമയായ മാലിക്ക് എന്നിവയെല്ലാം ഈ സീസണില്‍ തിയേറ്ററില്‍ എത്തേണ്ടതായിരുന്നു. അതെല്ലാം നഷ്ടപ്പെട്ടു. വിഷുക്കാലം കഴിഞ്ഞാല്‍, സിനിമയെ സംബന്ധിച്ച് അടുത്ത സീസണ്‍ ഈദ് ആണ്. മേയ് അവസാനം. അപ്പോഴേക്കും ഈ പ്രതിസന്ധികളെല്ലാം കടന്ന് സിനിമകള്‍ തിയേറ്ററില്‍ കൊണ്ടുവരാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അപ്പോഴും നടന്നില്ലെങ്കില്‍, പിന്നെ വരുന്നത് മഴക്കാലമാണ്. അതായത്, മുന്നിലുള്ളത് പരീക്ഷണഘട്ടമാണ്. അതെങ്ങനെ മറികടക്കുമെന്നതിനെ ആശ്രയിച്ചിരിക്കും മലയാള സിനിമയുടെ നിലനില്‍പ്പ്.
ഇതേ കാര്യം തന്നെ കഴിഞ്ഞ ദിവസം ഛായാഗ്രഹകന്‍ എസ്. കുമാറും ചൂണ്ടിക്കാണിച്ചിരുന്നു. സിനിമ പ്രവര്‍ത്തകര്‍ ഇപ്പോഴെ പ്ലാന്‍ ചെയ്ത് ഈ അവസ്ഥ നേരിട്ടില്ലെങ്കില്‍ കൊറോണക്കാലം മലയാള സിനിമയെ തകര്‍ത്തു കളയും എന്നായിരുന്നു കുമാര്‍ ആശങ്കപ്പെട്ടത്. ‘ഈ ലോക് ഡൗണ്‍ ഏപ്രില്‍ 15 കഴിഞ്ഞും നീളുകയാണെങ്കില്‍ ഏപ്രില്‍ 21 ന് നോമ്പ് തുടങ്ങും, പിന്നെ പെരുന്നാളിനെ പുതിയ റിലീസുകള്‍ ഉണ്ടാകൂ. അപ്പോഴേക്കും മഴ തുടങ്ങും. ചുരുക്കി പറഞാല്‍ മലയാള സിനിമയിലെ കൊറോണ ഇംപാക്ട് ഈ വര്‍ഷാവസാനം ആയാലും തീരുമെന്ന് തോന്നുന്നില്ല. ഹോളിവുഡില്‍ കൊറോണ ഇംപാക്ട് മാറുവാന്‍ പത്തു വര്‍ഷമൊക്കെ എടുത്തേക്കുമെന്നാണ് പറയുന്നത്. ഫാസ്റ്റ് ഫൈവ് ഒക്കെ ഒരു വര്‍ഷമാണ് പോസ്റ്റ്പോണ്‍ ചെയ്യപ്പെട്ടത്. ബോണ്ട് 8 മാസവും. ഇതെല്ലാം കഴിഞ്ഞാലും ജനങ്ങളുടെ കൈയ്യില്‍ തീയറ്ററില്‍ പോയി സിനിമ കാണുവാനുള്ള സാമ്പത്തിക സ്ഥിതി ഉണ്ടാവണമെന്നില്ല. എന്തായാലും ഈ അവസ്ഥ ഒരു 31 നു അപ്പുറം കടന്നല്‍, അത് ഏകദേശം ഉറപ്പായി കഴിഞ്ഞു നമ്മുടെ സാമ്പത്തിക രംഗം അമ്പെ തകരും. പിന്നെ അതില്‍ കരകയറാന്‍ സമയം എടുത്തേക്കാം. ലോകം മുഴുവന്‍ ഒരേയവസ്ഥയായ സ്ഥിതിക്ക് കാര്യങ്ങള്‍ വല്യ ബുദ്ധിമുട്ടായിരിക്കും. നമ്മുടെ സിനിമ പ്രവര്‍ത്തകര്‍ ഇപ്പോഴെ പ്ലാന്‍ ചെയ്ത് ഈ അവസ്ഥ നേരിട്ടില്ലെങ്കില്‍ ഒരു പക്ഷെ നമ്മുടെ ഈ കൊച്ചു വ്യവസായം തകര്‍ന്നു പോയേക്കാം’; എസ് കുമാര്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയ പോസ്റ്റില്‍ ഇപ്രകാരമാണ് ഈ അവസ്ഥയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നത്.
മറ്റൊരു ഗൗരവകരമായ സാഹചര്യം കൂടി മലയാള സിനിമ വ്യവസായത്തിനു മുന്നില്‍ വെല്ലുവിളിയായുണ്ട്. സിനിമകള്‍ റിലീസിംഗിനു തയ്യാറായി വന്നാലും തിയേറ്ററുകളിലേക്ക് ആളുകള്‍ വരണം. അതത്ര എളുപ്പമാകണമെന്നില്ല. ബി. ഉണ്ണികൃഷ്ണനും ഇക്കാര്യം സമ്മതിക്കുന്നുണ്ട്. ‘കൊറോണയുടെ ഭീഷണി മുഴുവനുമായി ഒഴിഞ്ഞുപോണം. സാമൂഹിക അകലം തീര്‍ന്ന് പഴയപോലെയാകണം കാര്യങ്ങള്‍. ഒരു സ്ഥലത്ത് ഒരു നിശ്ചിത സമയത്ത് ഒരു കലാസൃഷ്ടി കാണാന്‍ ജനങ്ങള്‍ ഒത്തുകൂടണം. അത്തരമൊരു മാനസിലാകവസ്ഥയിലേക്ക് ആളുകള്‍ എത്തണം. കാഴ്ച്ചയുടെ ശീലങ്ങള്‍ മാറുന്നൊരു സമയം കൂടിയാണിത്. വലിയ രീതിയിലുള്ള പ്രതിസന്ധിയാാണ് ഒരു കൊച്ചു വ്യവസായമായ മലയാള സിനിമ നേരിടുന്നത്. എല്ലാ സിനിമ മേഖലകളും സമാനമായ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ഹോളിവുഡൊക്കെ വന്‍ പ്രതിസന്ധിയിലാണ്. ജെയിംസ് ബോണ്ട് സിനിമ ഒരു വര്‍ഷത്തേക്ക് തള്ളിവച്ചിരിക്കുന്നു, ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസും റിലീസിംഗ് മാറ്റിവച്ചിരിക്കുകയാണ്. നമുക്ക് പക്ഷേ, അനന്തമായി റിലീസുകള്‍ നീക്കി വയ്ക്കാന്‍ പറ്റുന്ന സാഹചര്യമല്ല ഉള്ളത്. നമ്മുടെ സ്ഥിതി വ്യത്യസ്തമാണ്. റിലീസുകള്‍ നീണ്ടാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ പലരീതിയില്‍ നേരിടേണ്ടി വരും. പലിശയ്ക്ക് പണമെടുത്തൊക്കെയാണ് ഓരോ സിനിമയും പൂര്‍ത്തിയാക്കുന്നത്. റിലീസ് ചെയ്യാന്‍ പറ്റാതെ വരുന്ന സാഹചര്യമാണെങ്കില്‍ അതുണ്ടാക്കുന്ന സാമ്പത്തികാഘാതം വളരെ വലുതായിരിക്കും. താങ്ങാന്‍ കഴിയില്ല. ഒരുകാര്യം ഉറപ്പാണ്, സിനിമ എന്ന വ്യവസായത്തിന്റെ ഗണിതങ്ങള്‍ പുനര്‍നിര്‍വചിക്കപ്പെടാന്‍ പോവുകയാണ്. അതെപ്രകാരം എന്നത് സാഹചര്യങ്ങള്‍ ഉരുത്തിരിയുന്നതിന് അനുസരിച്ചേ പറയാന്‍ കഴിയൂ’.
Leave a Reply