സ്വന്തം ലേഖകൻ
ബ്രിട്ടൻ :- കൊറോണ ബാധയെ നിർമ്മാർജ്ജനം ചെയ്യുന്നത് ബ്രിട്ടീഷ് ഗവൺമെന്റിന്റെ പ്രധാന അജണ്ടകളിൽ ഒന്നായി ഇപ്പോൾ മാറിയിരിക്കുകയാണ്. ഇതുവരെയും കൊറോണയെ ഒരു ഗൗരവമായ രോഗബാധയായി ബ്രിട്ടീഷ് ഗവൺമെന്റ് കണക്കിൽ എടുത്തിരുന്നില്ല. ഇതുമൂലം പ്രധാനമന്ത്രി ബോറിസ് ജോൺസനെതിരെ ശക്തമായ വിമർശനങ്ങൾ പലഭാഗങ്ങളിൽനിന്നും ഉയർന്നുവന്നിരുന്നു. ഇപ്പോൾ മാത്രമാണ് കൊറോണ നിർമാർജനം ചെയ്യേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രിയുടെ ഓഫീസ് മനസ്സിലാക്കിയിരിക്കുന്നത്. ഇതിനെ തുടർന്ന് പല നടപടികളിലേയ്ക്കും ഗവൺമെന്റ് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളിൽ ആശങ്ക പടർത്താതെ ഈ സാഹചര്യത്തെ കൈകാര്യം ചെയ്യുവാൻ ആണ് ഗവൺമെന്റ് ശ്രമിക്കുന്നത്. കൊറോണ ബാധ മൂലം തകർന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക മേഖലയെയും പുനരുദ്ധരിക്കേണ്ട ബാധ്യത ഗവൺമെന്റിന്റെ ഭാഗത്ത് ഉണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
ഇതിനായി ട്രഷറികളുടെ പണം കുറെയധികം നീക്കി വയ്ക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പു നൽകിയിരിക്കുകയാണ്. എൻ എച്ച് എസിനു ആവശ്യമായ എല്ലാ സഹായങ്ങളും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ രോഗബാധ കുറേക്കാലം കൂടി നീണ്ടു പോകാനുള്ള സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് ഇപ്പോൾ ഗവൺമെന്റ്.
ആരോഗ്യമേഖലയെ സഹായിക്കുന്നതിനായി ടാക്സ് തുക കുറെയധികം നീക്കിവയ്ക്കാൻ ഗവൺമെന്റ് തയ്യാറായിരിക്കുകയാണ്. നിലവിലെ സാഹചര്യം നേരിടുവാൻ എല്ലാവരും ഒത്തൊരുമയോടെ പ്രവർത്തിക്കണമെന്ന ആഹ്വാനം പ്രധാനമന്ത്രി നൽകി. നിലവിലെ സാഹചര്യം നേരിടുക എന്നത് പ്രധാനമന്ത്രിയുടെ വെല്ലുവിളി തന്നെയായി മാറിയിരിക്കുകയാണ്.
Leave a Reply