ന്യൂസ് ഡെസ്ക് മലയാളം യുകെ
വൈദ്യശാസ്ത്ര രംഗം വളരെ പുരോഗമിച്ചിട്ടും ക്യാൻസറിന്റെ മാരകമായ പിടിയിൽ നിന്ന് മനുഷരാശിയെ മോചിപ്പിക്കാൻ സാധിച്ചിട്ടില്ല . അർബുദ ചികിത്സയ്ക്കായി പ്രതിവർഷം നല്ലൊരു തുകയാണ് എൻഎച്ച്എസ് ചിലവഴിക്കുന്നത്. 2034 – ഓടെ യുകെ സമ്പദ് വ്യവസ്ഥയ്ക്ക് സ്തനാർബുദം മൂലം പ്രതിവർഷം 3.6 ബില്യൺ പൗണ്ട് നഷ്ടം സംഭവിക്കുമെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്തു വന്നു.
കഴിഞ്ഞവർഷം 2.6 -2.8 ബില്യൺ പൗണ്ട് ആണ് സ്തനാർബുദ രോഗത്തിന്റെ പരിണിതഫലമായി സമ്പദ് വ്യവസ്ഥയ്ക്ക് ഏൽപ്പിച്ച ആഘാതം. ഇത് യുകെയുടെ മൊത്തം ഉത്പാദനത്തിന്റെ ഏകദേശം 0.1 ശതമാനമാണ്. വരും വർഷങ്ങളിൽ ക്യാൻസർ കേസുകൾ കുറയ്ക്കാൻ ഫലപ്രദമായി നടപടി സ്വീകരിച്ചില്ലെങ്കിൽ രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ 40 ശതമാനത്തിലേയ്ക്ക് ഈ ആഘാതം വളരും എന്ന മുന്നറിയിപ്പാണ് തിങ്ക്ടാങ്ക് ഡെമോസ്, ചാരിറ്റി ബ്രെസ്റ്റ് ക്യാൻസർ നൗ എന്നിവ നടത്തിയ പഠനത്തിൽ സൂചിപ്പിക്കുന്നത്.
സാമ്പത്തിക ആഘാതത്തിന്റെ ആഴം കണക്കാക്കുന്നതിൽ രോഗനിർണയത്തിനും ചികിത്സയ്ക്കും ഉള്ള എൻഎച്ച്എസ്സിന്റെ ചിലവുകൾ, രോഗികളുടെ ഉത്പാദനക്ഷമതാ നഷ്ടം, രോഗിയുടെയും പരിചരിക്കുന്നവരുടെയും വ്യക്തികത ചിലവുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. 2019 -ൽ 56343 പുതിയ സ്തനാർബുദ കേസുകൾ ആണ് കണ്ടെത്തിയത്. 2034 ആകുമ്പോൾ ഇത് 64708 കേസുകൾ ആയി ഉയരുമെന്നാണ് റിപ്പോർട്ടുകൾ. ഒന്നാംഘട്ടത്തിൽ രോഗനിർണ്ണയം നടത്തിയ 98% സ്ത്രീകളും 5 വർഷമോ അതിൽ കൂടുതലോ അതിജീവിക്കുന്നുണ്ടങ്കിലും യുകെയിൽ മാത്രം പ്രതിവർഷം 11, 000 മരണങ്ങൾക്കാണ് ബ്രസ്റ്റ് കാൻസർ കാരണമാകുന്നത്.
Leave a Reply