ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഒരു ചെവിയിൽ നിന്ന് മറ്റൊന്നിലേക്ക് ശബ്ദങ്ങൾ മാറ്റുന്ന ഹെഡ്‌ഫോണുകൾ ടിന്നിടസിന് (ചെവികളിൽ മുഴങ്ങുന്ന ശബ്‌ദങ്ങൾ കേൾക്കുന്ന രോഗം) ചികിത്സയെന്ന് കണ്ടെത്തൽ. യുകെയിലെ ഏകദേശം അഞ്ച് ദശലക്ഷം ആളുകൾക്ക് ടിന്നിടസ് ഉള്ളതായാണ് കണ്ടെത്തൽ. ഇത്തരം ഹെഡ്‍ഫോണുകൾ ധരിക്കുന്നയാളുടെ വലത് വശത്ത് നിന്ന് ഒരു ശബ്ദം വരുമ്പോൾ, അത് ഹെഡ്‌ഫോണിലെ ഒരു മൈക്രോഫോൺ എടുത്ത് ഇടത് ചെവിയിലേക്ക് റൂട്ട് ചെയ്യും.

കണ്ണുകൾ കാണുന്നതിന് വിപരീതമായി ചെവികൾ കേൾക്കുമ്പോൾ ചെവിയെ തലച്ചോറുമായി ബന്ധിപ്പിക്കുന്ന ഓഡിറ്ററി നാഡികൾ ‘റിവയർ’ ചെയ്യപ്പെടുന്നു എന്നാണ് ശാസ്ത്രജ്ഞർ നൽകിയ വിശദീകരണം. ഇത് ടിന്നിടസിന് ഒരു പരിധി വരെ തടയും.

യുഎസിലെ മസാച്യുസെറ്റ്‌സിലെ സ്പോൾഡിംഗ് റീഹാബിലിറ്റേഷൻ ഹോസ്പിറ്റലിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിലാണ് മൂന്നാഴ്ച്ചയിൽ ഓരോ ദിവസവും രണ്ട് മണിക്കൂർ ഹെഡ്‌സെറ്റുകൾ ഉപയോഗിക്കുന്നത് ടിന്നിടസ് ഗണ്യമായി കുറയ്ക്കുന്നതായി കണ്ടെത്തിയത്. ടിന്നിടസ് പലർക്കും താത്കാലികമായാണ് അനുഭവപ്പെടാറുള്ളത്. എന്നാൽ, 100-ൽ ഒരാൾക്ക് ചെവിയിൽ അനുഭവ പെടുന്ന മുഴങ്ങുന്ന ശബ്‌ദം ദീർഘനേരം നീണ്ടുനിൽക്കുകയും പലപ്പോഴും കേൾവിശക്തി നഷ്ടപ്പെടുന്നതിന് കാരണമാവുകയും ചെയ്യുന്നു.

ചെവികളിൽ ഉച്ചത്തിലുള്ള ശബ്ദമോ അണുബാധയോ ഏൽക്കുമ്പോൾ, തലച്ചോറിലേക്ക് ശബ്ദങ്ങൾ കൈമാറുന്ന ചെറിയ രോമകോശങ്ങൾ സമ്മർദ്ദത്തിലാകുകയും ഗ്ലൂട്ടാമേറ്റ് എന്ന രാസവസ്തുവിനെ അധിക അളവിൽ പുറത്തുവിടുകയും ചെയ്യുന്നു. ഗ്ലൂട്ടാമേറ്റിൻെറ അധിക ഉത്പാദനം ചെവിയിലെ നാഡീകോശങ്ങളെ അമിതമായി ഉത്തേജിപ്പിക്കുകയും ഒടുവിൽ കൊല്ലുകയും ചെയ്യുന്നു. ഇതുവഴി ആ വ്യക്തിക്ക് കേൾവി ശക്തി നഷ്ടമാകും.