ലണ്ടന്‍: ബ്രിട്ടീഷ് പാസ്‌പോര്‍ട്ടുകളുടെ അപേക്ഷാ നിരക്ക് വര്‍ദ്ധിപ്പിക്കുന്നു. മുതിര്‍ന്നവര്‍ക്കുള്ള പാസ്‌പോര്‍ട്ടിന് ഇപ്പോള്‍ 72.50 പൗണ്ടാണ് ഫീസ്. നേരിട്ടും ഓണ്‍ലൈനിലുമുള്ള അപേക്ഷകള്‍ക്ക് ഒരേ നിരക്ക് തന്നെയാണ് ഈടാക്കി വരുന്നത്. സര്‍ക്കാരിന്റെ പുതിയ തീരുമാനം അനുസരിച്ച് നിരക്കുകളില്‍ 17 ശതമാനം വര്‍ദ്ധനയാണ് വരുത്തിയിരിക്കുന്നത്. ഇതോടെ 85 പൗണ്ടായി പാസ്‌പോര്‍ട്ട് അപേക്ഷാ നിരക്ക് ഉയരും. ഓണ്‍ലൈന്‍ അപേക്ഷകളുടെ നിരക്കില്‍ കാര്യമായ വര്‍ദ്ധനയില്ല. 3 പൗണ്ട് മാത്രമാണ് ഓണ്‍ലൈന്‍ അപേക്ഷകള്‍ക്ക് വരുത്തിയിരിക്കുന്ന വര്‍ദ്ധന. ഫാസ്റ്റ് ട്രാക്ക് അപേക്ഷകളുടെ നിരക്ക് 103 പൗണ്ടില്‍ നിന്ന് 142 പൗണ്ടായും പ്രീമിയം സര്‍വീസുകള്‍ 128 പൗണ്ടില്‍ നിന്ന് 177 പൗണ്ടായും ഉയര്‍ത്തിയിട്ടുണ്ട്.

കുട്ടികളുടെ പാസ്‌പോര്‍ട്ടുകളുടെ ഫീസിനും വര്‍ദ്ധന വരുത്തിയിട്ടുണ്ട്. 16 വയസ് വരെ പ്രായമുള്ളവരുടെ പാസ്‌പോര്‍ട്ടുകള്‍ക്ക് 12.50 പൗണ്ടാണ് വര്‍ദ്ധിപ്പിച്ചത്. ഇതനുസരിച്ച് നേരത്തേ 46 പൗണ്ട് ഈടാക്കിയിരുന്നത് 58.50 പൗണ്ടായി ഉയരും. 27 ശതമാനമാണ് വര്‍ദ്ധനയുടെ നിരക്ക്. അതേസമയം ഓണ്‍ലൈനില്‍ ഈ പാസ്‌പോര്‍ട്ടുകളുടെ ഫീസിലും 3 പൗണ്ടിന്റെ വര്‍ദ്ധനയേ വരുത്തിയിട്ടുള്ളൂ. ആദ്യമായാണ് ഓണ്‍ലൈനിലെ പാസ്‌പോര്‍ട്ട് അപേക്ഷകള്‍ തപാല്‍ അപേക്ഷകളേക്കാള്‍ ചെലവ് കുറഞ്ഞതാകുന്നത്. ഫീസുകള്‍ ഉയര്‍ത്തിയിട്ടുണ്ടെങ്കിലും ഇവ 9 വര്‍ഷം മുമ്പുള്ള നിരക്കുകളേക്കാള്‍ കുറവാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 2012ല്‍ പാസ്‌പോര്‍ട്ട് നിരക്കുകള്‍ കുറച്ചിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നിരക്കു വര്‍ദ്ധനക്കുള്ള നിര്‍ദേശത്തിന് ഇനി പാര്‍ലമെന്റിന്റെ അംഗീകാരം ലഭിക്കണം. അതിര്‍ത്തി സുരക്ഷയിലും അടിസ്ഥാന സൗകര്യ വികസനത്തിനും അടുത്ത വര്‍ഷത്തോടെ 100 ദശലക്ഷം പൗണ്ട് നിക്ഷേപിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പാസ്‌പോര്‍ട്ടുകള്‍ക്കുള്ള അപേക്ഷാനിരക്ക് ഉയര്‍ത്തിയതെന്ന് ഹോം ഓഫീസ് വ്യക്തമാക്കി. ഓണ്‍ലൈന്‍ അപേക്ഷകളേക്കാള്‍ പോസ്റ്റല്‍ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതിലുള്ള വര്‍ദ്ധിച്ച ചെലവാണ് അത്തരം ഫീസ് കൂട്ടിയതിന് ഹോം ഓഫീസിന്റെ ന്യായീകരണം. നീല പാസ്‌പോര്‍ട്ടുകള്‍ തിരികെ കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമല്ല ഫീസ് വര്‍ദ്ധനയെന്നും അവക്ക് അധികമായി പണച്ചെലവുണ്ടാകില്ലെന്നും ഹോം ഓഫീസ് വ്യക്തമാക്കി.