ലണ്ടന്‍: ബ്രിട്ടനില്‍ ഡെന്റിസ്റ്റുകളെ കാണുന്നത് ചെലവേറിയതാകുന്നു. എന്‍എച്ച്എസ് ഡെന്റിസ്റ്റുകളുടെ ഫീസ് നിരക്ക് വീണ്ടും വര്‍ദ്ധിപ്പിച്ചു. വര്‍ദ്ധനയ്ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയതോടെ പുതിയ നിരക്കുകള്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഇതനുസരിച്ച് ഒരു ബേസിക് ചെക്ക്അപ്പിന് 21.60 പൗണ്ട് ഇനി മുതല്‍ ചെലവാകും. ദന്തചികിത്സാ മേഖലയിലെ പൊതുധന വിനിയോഗം ആവര്‍ത്തിച്ച് വെട്ടിക്കുറയ്ക്കുന്നതിനിടെയാണ് നിരക്കുകളില്‍ വര്‍ദ്ധന വരുത്തിയിരിക്കുന്നത്. ഇംഗ്ലണ്ടില്‍ 5 ശതമാനത്തിന്റെ നിരക്ക് വര്‍ദ്ധനയാണ് പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. ഇതനുസരിച്ച് ക്രൗണുകളുടെ വില 244.30 പൗണ്ടില്‍ നിന്ന് 256.50 പൗണ്ടായി ഉയരും.
കഴിഞ്ഞ വര്‍ഷവും നിരക്കുകളില്‍ വര്‍ദ്ധന വരുത്തിയിരുന്നു. ഒരു കോഴ്‌സ് ചികിത്സ, അല്ലെങ്കില്‍ ഒരു അടിയന്തര ചികിത്സ എന്നിവയ്ക്ക് 90 പെന്‍സ് വരെയായിരുന്നു വരുത്തിയ വര്‍ദ്ധന. 19.70 പൗണ്ടില്‍ നിന്ന് ഈ നിരക്ക് 20.60 പൗണ്ടായാണ് വര്‍ദ്ധിച്ചത്. ചികിത്സാ നിരക്കുകള്‍ വീണ്ടും വര്‍ദ്ധിപ്പിച്ചതിനെ വിമര്‍ശിച്ച് ബ്രിട്ടീഷ് ഡെന്റല്‍ അസോസിയേഷന്‍ രംഗത്തെത്തിയിട്ടുണ്ട്. പൊതുധന വിനിയോഗം വെട്ടിക്കുറച്ചത് മറയ്ക്കാനാണ് ഈ വര്‍ദ്ധന വരുത്തിയിരിക്കുന്നതെന്ന് ബിഡിഎ കുറ്റപ്പെടുത്തി. സാധാരണക്കാര്‍ക്കും ദരിദ്രര്‍ക്കും ദന്തചികിത്സ നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് ഇതിലൂടെ ഉണ്ടാകുകയെന്നും അസോസിയേഷന്‍ വ്യക്തമാക്കി.
ദന്തചികിത്സക്കായി എത്തുന്ന രോഗിള്‍ പുതുക്കിയ നിരക്കനുസരിച്ച് 72 മില്യന്‍ പൗണ്ടായിരിക്കും ഒരു വര്‍ഷം അധികമായി നല്‍കാന്‍ പോകുന്നത്. യാതൊരു മുന്നറിയിപ്പുമില്ലാതെ നടപ്പാക്കിയ ഈ ഫീസ് വര്‍ദ്ധന സ്വയം പരാജയപ്പെടുത്തലാണെന്ന് ബിഡിഎ ചെയര്‍മാന്‍ ഹെന്റിക്ക് ഓവര്‍ഗാര്‍ഡ് നീല്‍സണ്‍ പറഞ്ഞു. ചികിത്സ ആവശ്യമായവരെപ്പോലും ദന്തഡോക്ടറുടെ സഹായം തേടുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്ന സമീപനമാണ് ഇത്. ഇതിലൂടെ രോഗികളുടെ അവസ്ഥ മോശമാകുകയും കൂടുതല്‍ ചെലവേറിയ ചികിത്സ ആവശ്യമായി വരികയും ചെയ്യും. ഇത് എന്‍എച്ച്എസിന് ലാഭമാണോ വരുത്തുകയെന്ന് ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Leave a Reply