സ്വന്തം ഡ്രൈവ് വേയില്‍ കാര്‍ പാര്‍ക്ക് ചെയ്യണമെങ്കില്‍ 800 പൗണ്ട് അടക്കണമെന്ന് 53കാരിയായ നഴ്‌സിനോട് കൗണ്‍സില്‍. ഹെലന്‍ മാലോനേയ് എന്ന നഴ്‌സിനോടാണ് സെഫ്റ്റണ്‍ കൗണ്‍സില്‍ ഈ തുക ആവശ്യപ്പെട്ടിരിക്കുന്നത്. ഇവരുടെ വീടിനു മുന്നിലെ നടപ്പാതയുടെ കെര്‍ബ് 2 ഇഞ്ച് ഉയരക്കൂടുതലാണെന്നാണ് കൗണ്‍സിലിന്റെ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരിക്കുന്നത്. ഉയരക്കൂടുതലായതിനാല്‍ ഇവിടെ പാര്‍ക്ക് ചെയ്യുന്നത് നിയമവിരുദ്ധമാണെന്നാണ് വിശദീകരണം. കെര്‍ബിന്റെ ഉയരം കുറയ്ക്കുന്നതിനായാണ് ഇവരില്‍ നിന്ന് പണമീടാക്കുന്നത്. മെഴ്‌സിസൈഡിലെ സൗത്ത്‌പോര്‍ട്ടില്‍ മൂന്നു ബെഡ്‌റൂം ഡിറ്റാച്ച്ഡ് വീട്ടിലാണ് ഇവര്‍ കഴിഞ്ഞ 12 വര്‍ഷമായി താമസിക്കുന്നത്.

അടുത്ത വീടിനും ഇതേ പ്രശ്‌നമുണ്ട്. ഇവര്‍ക്കും കൗണ്‍സില്‍ കത്ത് നല്‍കിയിരിക്കുകയാണ്. കഴിഞ്ഞ സമ്മറില്‍ കത്ത് ലഭിക്കുമ്പോള്‍ അത് തമാശയായിരിക്കുമെന്നാണ് താന്‍ കരുതിയതെന്ന് ഹെലന്‍ പറയുന്നു. കഴിഞ്ഞ 12 വര്‍ഷമായി ഇതേ വഴിയില്‍ കാര്‍ പാര്‍ക്ക് ചെയ്തിരുന്ന തനിക്ക് കൗണ്‍സിലിന്റെ നിര്‍ദേശം വിചിത്രമായാണ് തോന്നിയത്. തന്റെ അതേ അവസ്ഥയിലുള്ള മറ്റുള്ളവരോട് എന്തു പറയണമെന്ന് അറിയില്ലെന്നും അവര്‍ വ്യക്തമാക്കി. വാഹനങ്ങള്‍ക്ക് ക്രോസ് ചെയ്യാന്‍ കഴിയാത്ത വിധത്തിലുള്ള കെര്‍ബാണ് വീടിനു മുന്നിലുള്ളതെന്നും അതിന്റെ ഉയരം കുറക്കാന്‍ നടപടിയെടുത്തില്ലെങ്കില്‍ ചെലവ് ഈടാക്കുമെന്നുമാണ് ഹെലനും അയല്‍ക്കാരനും ലഭിച്ച കത്തില്‍ പറയുന്നത്. ഇതേത്തുടര്‍ന്ന് ഹൈവേയ്‌സ് അംഗീകാരമുള്ള ഒരാളെ വിളിച്ച് കെര്‍ബിന്റെ ഉയരം ഇവര്‍ക്ക് കുറയ്‌ക്കേണ്ടി വന്നു.

ആദ്യം കൗണ്‍ലിനെതിരെ പോരാടാമെന്നാണ് കരുതിയത്. എന്നാല്‍ അനന്തരഫലങ്ങള്‍ മോശമായാലോ എന്നു കരുതി അതില്‍ നിന്ന് പിന്മാറുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു. അയല്‍ക്കാരുമായി ചേര്‍ന്ന് ചെയ്താല്‍ പണച്ചെലവ് കുറയ്ക്കാമെന്നതിനാല്‍ അപ്രകാരം ചെയ്യുകയായിരുന്നു. കെര്‍ബിന്റെ ഉയരം കുറയ്ക്കുന്നതിന് പ്ലാനിംഗ് പെര്‍മിഷന്‍ ആവശ്യമില്ലെന്നാണ് കൗണ്‍സില്‍ വെബിസൈറ്റ് പറയുന്നത്. പക്ഷേ പ്രോപ്പര്‍ട്ടി ഒരു ലിസ്റ്റഡ് ബില്‍ഡിംഗാണോ ഫ്‌ളാറ്റ് ആണോ അല്ലെങ്കില്‍ കൊമേഴ്‌സ്യല്‍ ബില്‍ഡിംഗ് ആണോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കണമെന്ന് നിര്‍ദേശത്തില്‍ സൂചനയുണ്ട്.