പത്തനംതിട്ടയിലെ കോയിപ്രം ആന്താലിമണ്ണിൽ നടന്ന ഹണിട്രാപ്പ് ക്രൂരമർദ്ദന കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരികയാണ്. റാന്നി സ്വദേശിയും ആലപ്പുഴ സ്വദേശിയും ആയ രണ്ട് യുവാക്കളെയാണ് ക്രൂരമായി മർദ്ദിച്ചത്. പ്രതികളായ ജയേഷ്-രശ്മി ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവാക്കളെ വിളിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷമാണ് ഭീകരമായ മർദ്ദനം നടത്തിയത്.
യുവാക്കളുടെ മൊഴിപ്രകാരം, ആദ്യം ആഭിചാരക്രിയകൾ പോലുള്ള ഭീതിജനകമായ കാര്യങ്ങൾ നടത്തി. പിന്നീട് കൈകാലുകൾ കെട്ടിയിട്ട് മുളക് സ്പ്രേ ചെയ്യുകയും, കമ്പികൊണ്ട് അടിക്കുകയും, ജനനേന്ദ്രിയത്തിൽ വരെ സ്റ്റാപ്ലർ പിൻ അടിക്കുകയും ചെയ്തു. നഖങ്ങൾ സൂചികൊണ്ട് തറച്ചും, ബ്ലേഡ് കൊണ്ട് വരകളും വരച്ചു പീഡിപ്പിച്ചതായും അവർ പറഞ്ഞു. മർദ്ദനത്തിൽ ഒരാൾക്ക് നട്ടെല്ല് പൊട്ടുകയും, മറ്റൊരാൾക്ക് കണ്ണിന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.
സംഭവത്തിൽ പ്രതികൾ ഇരകളെ ഭീഷണിപ്പെടുത്തി വിഡിയോ പകര്ത്തുകയും പുറത്തു വിടുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതായി വ്യക്തമാകുന്നു. ആദ്യം ഭയത്തിൽ ഇരകൾ സത്യാവസ്ഥ മറച്ചു വെച്ചെങ്കിലും പിന്നീട് കാര്യങ്ങൾ വെളിപ്പെട്ടു. ഇരകൾക്ക് ഗുരുതര പരിക്കുകളുള്ളതിനാൽ ആശുപത്രിയിൽ ചികിത്സ തുടരുകയാണ്.
പോലീസ് കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. പ്രതികളുടെ മൊബൈൽ ഫോണുകളിൽ നിന്നുള്ള തെളിവുകളും മറ്റ് സാങ്കേതിക വിവരങ്ങളും പരിശോധിച്ച് കൂടുതൽ ഇരകളുണ്ടോയെന്നു അന്വേഷിക്കുകയാണ്. സൈക്കോ സ്വഭാവമുള്ള ദമ്പതികളാണ് സംഭവത്തിനു പിന്നിലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.











Leave a Reply