ഡെര്‍ബി: തുര്‍ക്കിയിലെ ഹോളിഡേ ആഘോഷത്തിനിടെ അസുഖം ബാധിച്ചുവെന്ന് കളവ് പറഞ്ഞ് 50,000 പൗണ്ട് ക്ലെയിം ചെയ്യാന്‍ ശ്രമിച്ച ദമ്പതികള്‍ക്ക് ജയില്‍ ശിക്ഷ. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഇവരുടെ വ്യാജ ക്ലെയിം പൊളിച്ചത്. ഡെര്‍ബിയില്‍ താമസക്കാരായ ലിയോണ്‍ റോബര്‍ട്ട്‌സ്, ജെയ്ഡ് മുസോക്ക എന്നിവര്‍ കുട്ടിയുമൊത്ത് നടത്തിയ ഹോളിഡേ ട്രിപ്പിന്റെ ചിത്രങ്ങള്‍ ഇവര്‍ക്ക് വിനയാകുകയായിരുന്നു. പൂളില്‍ രസിക്കുന്നതിന്റെയും മദ്യപിക്കുന്നതിന്റെയും ഡിന്നര്‍ കഴിക്കുന്നതിന്റെയും മറ്റും ചിത്രങ്ങള്‍ ഇവര്‍ പോസ്റ്റ് ചെയ്തത് അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു. ഇപ്പോള്‍ പിരിഞ്ഞ് ജീവിക്കുന്ന ഇവര്‍ക്ക് 26 ആഴ്ച വീതം തടവാണ് ആദ്യം നല്‍കിയത്. പിന്നീട് ഇത് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

നേരത്തേ നടന്ന വിചാരണയില്‍ ഇരുവരും തട്ടിപ്പ് നടത്തിയതായി തെളിഞ്ഞിരുന്നു. ഇവര്‍ നടത്തിയ തട്ടിപ്പ് വിജയിച്ചിരുന്നെങ്കില്‍ ഹോളിഡേ കമ്പനിയായ ടിയുഐക്ക് 50,000 പൗണ്ട് നഷ്ടമാകുമായിരുന്നെന്ന് കോടതി കണ്ടെത്തി. 2015 ജൂലൈയിലാണ് ഇവര്‍ തുര്‍ക്കിയിലെ കോര്‍ണേലിയ ഗോള്‍ഫ് റിസോര്‍ട്ട് ആന്‍ഡ് സ്പായില്‍ ഒരാഴ്ച ഹോളിഡേ ആഘോഷിക്കാന്‍ എത്തിയത്. അടുത്ത ഏപ്രിലില്‍ ഇവര്‍ നഷ്ടപരിഹാരത്തിനായി ക്ലെയിം ചെയ്യുകയായിരുന്നു. റിസോര്‍ട്ടിലെ താമസക്കാലത്ത് തങ്ങള്‍ അസുഖ ബാധിതരായെന്ന് കാട്ടിയായിരുന്നു നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.

എന്നാല്‍ ഇവര്‍ റിസോര്‍ട്ടിലുണ്ടായിരുന്ന സമയത്ത് അനാരോഗ്യത്തെക്കുറിച്ച് പരാതികളൊന്നും ഉന്നയിച്ചിരുന്നില്ലെന്നും ഇവരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ നിന്ന് അവധിക്കാലം ഇവര്‍ ആസ്വദിച്ചതായാണ് വ്യക്തമാകുന്നതെന്നും കമ്പനിക്കുവേണ്ടി ഹാജരായ പ്രോസിക്യൂട്ടര്‍ ടിം ഹണ്ടര്‍ പറഞ്ഞു. ഏപ്രിലില്‍ നല്‍കിയ പരാതിയില്‍ ഭക്ഷണത്തില്‍ നിന്ന് തങ്ങള്‍ അസുഖബാധിതരായെന്നാണ് ഇവര്‍ പറഞ്ഞത്. ഈ അവകാശവാദം കള്ളമാണെന്ന് തെളിഞ്ഞതായി പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. ഇരുവരും 200 മണിക്കൂര്‍ ശമ്പളമില്ലാത്ത കമ്യൂണിറ്റി വര്‍ക്ക് ചെയ്യണമെന്നും കോടതിച്ചെലവും വിക്ടിം സര്‍ച്ചാര്‍ജുമായി 1115 പൗണ്ട് വീതം നല്‍കാനും കോടതി ഉത്തരവിട്ടു.