ന്യൂസ് ഡെസ്ക് , മലയാളം യുകെ

ജർമനി : ലോകത്തെ മാറ്റിമറിക്കാൻ കഴിയുന്ന കോവിഡ് 19 വാക്സിൻ നിർമാണത്തിന് പിന്നിൽ അക്ഷീണം പ്രയത്നിച്ച് ദമ്പതികൾ. ഭാര്യാഭർത്താക്കന്മാരായ ഉഗുർ സാഹിനും ഓസ്ലെം ടുറെസിയും ഒരു വാക്സിനുവേണ്ടി പോരാടാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. കഠിനപ്രയത്നത്തോടൊപ്പം പരസപര സ്നേഹം കൂടിയാവുമ്പോൾ വാക്സിൻ നിർമിതിയിലെ ‘ഡ്രീം ടീം’ ആണ് ഇതെന്ന് പലരും വിശേഷിപ്പിക്കുന്നു. ജർമ്മൻ ബയോടെക് സ്ഥാപനത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ആയി മാറിയ 55 വയസുള്ള ഫിസിഷ്യൻ സാഹിൻ, ബയോ ടെക്കിന്റെ സഹ ബോർഡ് അംഗമായ ഭാര്യ ഓസ്ലെം ടുറെസി (53) എന്നിവർ പൂർണ്ണസമയവും വാക്സിൻ വികസിപ്പിച്ചെടുക്കുന്നതിന്റെ തിരക്കിലാണ്. അതേസമയം ഫാർമസ്യുട്ടിക്കൽ കമ്പനികളായ ഫൈസറും ബയോ‌എൻടെക്കും തങ്ങളുടെ കുത്തിവയ്പ്പ് 90 ശതമാനം ഫലപ്രദമാണെന്ന് അവകാശപ്പെട്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തുർക്കിയിൽ ജനിച്ച സാഹിൻ വളർന്നത് ജർമ്മനിയിലാണ്. അവിടെ ഫോർഡ് ഫാക്ടറിയിലാണ് മാതാപിതാക്കൾ ജോലി ചെയ്തിരുന്നത്. ഡോക്ടറായി പരിശീലനം നേടിയ സാഹിൻ ഒരു പ്രൊഫസറും ഗവേഷകനുമായി ഇമ്യൂണോതെറാപ്പിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. തങ്ങളുടെ വിവാഹദിനത്തിൽ പോലും ഇരുവരും ഒന്നിച്ചു ലാബിലായിരുന്നുവെന്ന് ടുറെസി ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ജർമ്മനിയിലേക്ക് കുടിയേറിയ തുർക്കി ഡോക്ടറിന്റെ മകളാണ് ടുറെസി. കാൻസറിനെ പ്രതിരോധിക്കുന്ന ആന്റിബോഡികൾ വികസിപ്പിക്കുന്നതിനായി ഗാനിമെഡ് ഫാർമസ്യൂട്ടിക്കൽസ് എന്ന സ്ഥാപനം 2001ൽ അവർ ആരംഭിച്ചു. പക്ഷേ മെയിൻസ് സർവകലാശാലയിലെ പ്രൊഫസറായ സാഹിൻ ഒരിക്കലും അക്കാദമിക് ഗവേഷണവും അധ്യാപനവും ഉപേക്ഷിച്ചില്ല. 2016ൽ ജപ്പാൻ സ്ഥാപനം ആയ അസ്റ്റെല്ലസിന് 1.06 ബില്യൺ പൗണ്ടിന് ഗാനിമെഡ് വിൽക്കുകയുണ്ടായി. കാൻസർ ഇമ്മ്യൂണോതെറാപ്പി ഉപകരണങ്ങൾ കൂടുതൽ വിപുലമായി പിന്തുടരുകയെന്ന ലക്ഷ്യത്തോടെ 2008 ൽ സാഹിനും ടുറെസിയും ചേർന്ന് ബയോ എൻ‌ടെക് സ്ഥാപിച്ചു. ബിൽ & മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ 41.8 മില്യൺ പൗണ്ട് കമ്പനിയിൽ നിക്ഷേപിച്ചു. ജർമ്മൻ പത്രമായ വെൽറ്റ് ആം സോൺടാഗ് പറയുന്നതനുസരിച്ച് സാഹിനും ഭാര്യയും ഇപ്പോൾ ജർമ്മനിയിലെ ധനികരുടെ പട്ടികയിൽ ആദ്യ 100ൽ ഉൾപ്പെടുന്നു. ദമ്പതികളുടെ പരിശ്രമങ്ങൾ ലക്ഷ്യത്തിലേക്ക് അടുത്തിരിക്കുകയാണ്.

എന്നാൽ കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തിൽ രാജ്യം നിർണായക നിമിഷത്തിലാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ മുന്നറിയിപ്പ് നൽകി. യുകെയിൽ ഇന്നലെ 21,350 പുതിയ കേസുകളും 194 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. ആദ്യത്തെ വാക്സിൻ ക്രിസ്മസിന് ഉണ്ടാകുമെന്ന് പ്രതീക്ഷയുണ്ടെന്നും വസന്തകാലത്തോടെ മാത്രമേ കൂടുതൽ മെച്ചപ്പെട്ട ഒന്ന് ലഭ്യമാകുകയുള്ളൂ എന്ന് ഇംഗ്ലണ്ടിലെ ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫ. ജോനാഥൻ വാൻ-ടാം പറഞ്ഞു. പൊതുജനങ്ങൾക്ക് വാക്സിൻ ലഭ്യമാകുന്നതിന് മുമ്പ് കൂടുതൽ ജോലികൾ ചെയ്യേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു. പുതിയ വാക്സിൻ ആർക്കൊക്കെ ലഭിക്കും എന്നതിന്റെ ഒരു ലിസ്റ്റ് തയ്യാറാക്കുമ്പോൾ പ്രായമാണ് ഏറ്റവും വലിയ മുൻ‌ഗണനയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വാക്സിൻ ഉപയോഗിക്കുന്നതിന് അംഗീകാരം ലഭിക്കുകയാണെങ്കിൽ, അത് ഉപയോഗിക്കാൻ യുകെ തയ്യാറാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.