ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

അത്തറിന്റെ മണമുള്ള ഖത്തറിലേക്ക് ലോകം ചുരുങ്ങുകയാണ്. ഒരു പന്തിനോളം വലിപ്പം മാത്രം. കേരളത്തിന്റെ രണ്ടുമൂന്ന് ജില്ലകൾ ചേർത്തുവെച്ചാലുള്ള വിസ്തീർണം മാത്രമേ ഉള്ളൂ ഖത്തറിന്. ഇത്ര ചെറിയ രാജ്യത്ത് ഇതിന് മുൻപ് ലോകകപ്പ് നടന്നിട്ടുമില്ല. എന്നാൽ, ലോകം ഇന്ന് മുതൽ ആ രാജ്യമായി മാറും. ഖത്തറിലേ പുൽമൈതാനങ്ങളിൽ പന്തുരുളാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കിയാവുമ്പോൾ ആരാധകഹൃദയങ്ങളിൽ അലയടിക്കുന്നത് ഒരേയൊരു ചോദ്യമാണ്; ആര് കപ്പുയർത്തും? ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളായ അർജന്റീനയോ ബ്രസീലോ കപ്പുയർത്തുമോ? അതോ യൂറോപ്യൻ രാജ്യങ്ങളുടെ മേധാവിത്വം തുടരുമോ?

ജൂൺ ജൂലൈയിൽ നടക്കേണ്ട ലോകകപ്പ് ഖത്തറിലെ കാലാവസ്ഥ പരിഗണിച്ച് നവംബർ – ഡിസംബറിലേക്ക് മാറ്റിയപ്പോൾ സൂപ്പർ താരങ്ങളുടെ വരവ് ക്ലബ് ഫുട്ബോൾ സീസണിന്റെ മദ്ധ്യേയാണ്. അതുകൊണ്ടുതന്നെ പല ടീമുകളും പൂർണമായി ഒരുങ്ങിയെന്ന് പറയാനാവില്ല.

ഇറ്റലി, സ്വീഡൻ, തുർക്കി, നോർവേ, നൈജീരിയ, ഈജിപ്ത്, ഐവറി കോസ്റ്റ് തുടങ്ങി കരുത്തരായ പല ടീമുകളും യോഗ്യത നേടിയില്ല. നാലുതവണ ലോക കപ്പ് ജയിച്ച, നിലവിലെ യൂറോപ്യൻ ചാമ്പ്യൻമാരായ ഇറ്റലിയുടെ അസാന്നിദ്ധ്യം ശ്രദ്ധേയമാണ്. അതും തുടർച്ചയായ രണ്ടാം തവണയാണ് ഇറ്റലി ഇല്ലാതെ ലോകകപ്പ് നടക്കുന്നത്. മുപ്പത്തിരണ്ടു ടീമുകൾ എട്ട് ഗ്രൂപ്പുകളിലായി ആദ്യ റൗണ്ടിൽ ഇറങ്ങുമ്പോൾ അട്ടിമറികളൊന്നും സംഭവിച്ചില്ലെങ്കിൽ പ്രമുഖരെല്ലാം അടുത്ത റൗണ്ടിൽ കടക്കും. അതായത് ഒരു ഗ്രൂപ്പിൽ മൂന്ന് പ്രമുഖ ടീമുകൾ വരുമ്പോൾ അതിലൊന്നിന് അടുത്ത റൗണ്ട് ബുദ്ധിമുട്ടാകുന്ന സ്ഥിതി ഇത്തവണ ഇല്ലെന്നു പറയാം. പക്ഷേ,അട്ടിമറികളുണ്ടായാൽ കഥ മാറും. ആതിഥേയരെന്ന നിലയിൽ ഖത്തർ യോഗ്യത നേടിയപ്പോൾ മത്സരിച്ചെത്തിയ ആദ്യ ടീം ജർമനിയാണ്. രണ്ടു യോഗ്യതാ മത്സരം ബാക്കി നിൽക്കെ 2021 ഒക്ടോബറിൽ തന്നെ ജർമനി ബർത്ത് ഉറപ്പിച്ചു. ഏറ്റവും ഒടുവിൽ, 2022 ജൂണിൽ കോസ്റ്ററിക്ക മുപ്പത്തിരണ്ടാമത്തെ ടീമായി യോഗ്യത കൈവരിച്ചു.

യുക്രെയിനെ ആക്രമിച്ചതിന്റെ പേരിൽ വിലക്ക് വന്നത് കാരണം 2018ലെ ലോകകപ്പിന് ആതിഥേയത്വം വഹിച്ച റഷ്യ ഇത്തവണയില്ല. ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാരായ ബ്രസീൽ മുതൽ അറുപതാം റാങ്കുള്ള ഘാന വരെ ഖത്തറിൽ മത്സരിക്കുന്നു. ഇതുവരെ നടന്ന എല്ലാ ലോകകപ്പിലും സാന്നിദ്ധ്യമറിയിച്ച ബ്രസീൽ ഇരുപത്തിരണ്ടാം തവണയും ലോക കപ്പിനെത്തുന്നു. ജർമനിയും അർജന്റീനയുമാണ് ബ്രസീൽ കഴിഞ്ഞാൽ ഏറ്റവുമധികം തവണ ലോകകപ്പ് കളിച്ച രാജ്യങ്ങൾ. ഖത്തറിന് ഇത് അരങ്ങേറ്റവും.

അർജന്റീനയുടെ ലയണൽ മെസി, പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ, ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ച്, ഫ്രാൻസിന്റെ കരിം ബെൻസമ ,ജർമനിയുടെ മാനുവൽ ന്യൂയർ എന്നിവർക്കിത് മിക്കവാറും അവസാന ലോകകപ്പാകും. നെയ്‌മറും പരുക്കുകൾ തുടരെ അലട്ടുന്നതിനാൽ ഈ ലോകകപ്പോടെ വിടവാങ്ങിയേക്കും. അതുകൊണ്ടുതന്നെ അവസാന ലോകകപ്പ് അവിസ്മരണീയമാക്കാൻ അവർ ശ്രമിക്കുമെന്ന് ഉറപ്പാണ്.

സ്പെയിന്റെ അൻസു ഫാറ്റി, പെഡ്രി, ഗാവി, ഇംഗ്ലണ്ടിന്റെ ഫിൽ ഫോഡൻ, ജൂഡ് ബെല്ലിങ്ങാം, ജർമനിയുടെ മുസിയാല, ബ്രസീലിന്റെ ആന്റണി, വിനീസ്യൂസ്, ഫ്രാൻസിന്റെ കമവിംഗ തുടങ്ങിയ യുവതാരങ്ങൾ ഇത്തവണത്തെ ശ്രദ്ധാകേന്ദ്രങ്ങളാണ്. ഗ്രൂപ്പ് ഘട്ടത്തിലെ മരണപോരാട്ടം സ്പെയിനും ജർമനിയും തമ്മിലാണ്.

36 മത്സരങ്ങളിൽ തോൽവി അറിയാതെ എത്തുന്ന മെസിക്കും കൂട്ടർക്കും കപ്പുയർത്താൻ കഴിയുമോ.. അതോ കാനാറിപ്പടയോ? നിർഭാഗ്യം നിറഞ്ഞ ഓറഞ്ചുപടയോ? കറുത്ത കുതിരകളായ ബെൽജിയമോ? ഫ്രാൻസോ ഇംഗ്ലണ്ടോ ജർമ്മനിയോ സ്പെയിനോ പോർച്ചുഗലോ… അതോ മറ്റേതെങ്കിലും കൂട്ടരോ??? ആരാവും ചാമ്പ്യൻമാർ. മെയ്യും മനസും കളിയാരവത്തിലേക്ക്.. അൽ ബെയ്ത് സ്റ്റേഡിയത്തിലെ കിക്കോഫ് വിസിലിനായി ലോകം കാതോർത്തിരിക്കുന്നു..