കവന്‍ട്രി: യുകെ ഹിന്ദു സമാജങ്ങളുടെ സഹകരണത്തില്‍ നടന്ന വിഷുക്കൈനീട്ടം പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ തുക സംഭാവന നല്‍കിയ ചാരിതാര്‍ഥ്യത്തോടെ നാളെ കവന്‍ട്രി ഹിന്ദു സമാജത്തിന്റെ വിഷു ആഘോഷം. നൂറിലേറെ പേര്‍ക്ക് കൈനീട്ടവും വിഷുക്കണിയും കാണാന്‍ സൗകര്യം ഒരുക്കിയാണ് മൂന്നാം വര്‍ഷം വിഷു ആഘോഷിക്കാന്‍ കവന്‍ട്രി സമാജം തയ്യാറെടുക്കുന്നത്. നാളെ രാവിലെ പതിനൊന്നര മുതല്‍ ആറു മണി വരെയുള്ള വിവിധ ആധ്യാത്മിക സാംസ്‌കാരിക ചടങ്ങുകളോടെ നടക്കുന്ന ആഘോഷത്തില്‍ കോമഡി താരം കലാഭവന്‍ ദിലീപ്, ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം ഗായത്രി സുരേഷ് എന്നിവര്‍ അതിഥികളായി എത്തും. പരമ്പരാഗത ചടങ്ങുകളോടെ ഹൈന്ദവാചാരങ്ങള്‍ സംരക്ഷിക്കുന്നതില്‍ ശ്രദ്ധ നല്‍കുന്ന കവന്‍ട്രി ഹിന്ദു സമാജം ചടങ്ങുകള്‍ക്ക് ഹിന്ദു വെല്‍ഫെയര്‍ യുകെ ചെയര്‍മാന് ടി ഹരിദാസ്, നാഷണല്‍ കൗണ്‍സില്‍ പ്രസിഡന്റ് ഗോപകുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.
കണിവെള്ളരിയും കൊന്നപ്പൂവും കൈതച്ചക്കയും മാങ്ങയും അടക്കമുള്ള ഫലവര്‍ഗങ്ങളും വാല്‍ക്കണ്ണാടിയും പുതുവസ്ത്രവും പുരാണ ഗ്രന്ഥവും ഒക്കെയായി കണി ഒരുക്കി പുതുവര്‍ഷത്തെ വരവേല്‍ക്കുന്ന ചടങ്ങോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമെന്ന് പ്രോഗാം കോ ഓഡിനേറ്റര്‍ സ്മിത അജികുമാര്‍ അറിയിച്ചു. തുടര്‍ന്ന് വനിതാ അംഗങ്ങളുടെ നേതൃത്വത്തില്‍ വിളക്കുപൂജയും ലളിതാസഹസ്രനാമ അര്‍ച്ചനയും നടക്കും. തുടര്‍ന്ന് നാക്കിലയില്‍ വിഭവസമൃദമായ വിഷു സദ്യ ഉണ്ടാകും. നാടന്‍ വിഭവങ്ങള്‍ ഒരുക്കിയാണ് സദ്യ തയ്യാറാക്കിയിരിക്കുന്നതിന് സദ്യക്ക് ചുക്കാന്‍ പിടിക്കുന്ന ജെമിനി ദിനേശ് അറിയിച്ചു. നൂറോളം പേരാണ് സദ്യ ഉണ്ണാന്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വിഷു ആഘോഷിക്കുമ്പോള്‍ അനാഥ ബാല്യങ്ങളുടെ മുഖത്തും ആനന്ദം എത്തിക്കാന്‍ കവന്‍ട്രി ഹിന്ദു സമാജം നടത്തിയ ശ്രമം യുകെയിലെ മുഴുവന്‍ സമാജങ്ങള്‍ക്കും മാതൃകയാവുകയാണ്. നേതൃത്വം ഇല്ലാതെ പ്രവര്‍ത്തിക്കുന്ന കവന്‍ട്രി ഹിന്ദു സമാജം 375 പൗണ്ട് സമാഹരിച്ചാണ് ഇന്ന് രാവിലെ ആലുവയില്‍ നടന്ന ചടങ്ങില്‍ ചൊവ്വര മാതൃച്ഛായ, തൃക്കാരിയൂര്‍ ബാലഭവന്‍ എന്നീ അഗതി മന്ദിരങ്ങള്‍ക്കു വിഷുകൈനീട്ടം നല്‍കിയത്. യുകെ ഹിന്ദു വെല്‍ഫെയര്‍ ഗ്രൂപ്പും നാഷണല്‍ കൗണ്‍സില്‍ ഓഫ് കേരള ഹിന്ദു ഹെറിറ്റേജും ചേര്‍ന്ന് നടത്തിയ വിഷു അപ്പീലില്‍ ഇരു അഗതി മന്ദിരത്തിനും ഓരോ ലക്ഷം രൂപയിലധികം നല്‍കാന്‍ സാധിച്ചതില്‍ മുന്‍ നിരയില്‍ നിന്നുള്ള പ്രവര്‍ത്തനമാണ് കവന്‍ട്രി ഹിന്ദു സമാജം ഏറ്റെടുത്തത്. ഇന്ന് രാവിലെ മാതൃച്ഛായയില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഇരു അഗതി മന്ദിരത്തിനും ഹിന്ദു വെല്‍ഫെയര്‍ യുകെ ചെയര്‍മാന് ടി ഹരിദാസ് തുക കൈമാറി.
നാളെ വിഷു ആഘോഷത്തില്‍ കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്ന് നടത്തുന്ന കലാപരിപാടികളില്‍ അതിഥികള്‍ ആയി എത്തുന്ന കലാഭവന്‍ ദിലീപും ഗായത്രി സുരേഷും കൂടി ചേരുന്നതോടെ നര്‍മ്മവും പാട്ടുമൊക്കെയായി പുതുവര്‍ഷത്തിന്റെ ആനന്ദം മുഴുവന്‍ നിറഞ്ഞൊഴുകും എന്ന പ്രതീക്ഷയാണ് സംഘാടകര്‍ക്ക്. കെ ദിനേശ്, ഹരീഷ് നായര്‍, മഹേഷ് കൃഷണ, സുഭാഷ് നായര്‍, അനില്‍ പിള്ള, സുജിത്, രാജീവ്, രാജശേഖര പിള്ള, അജികുമാര്‍, സജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഏറെക്കുറെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി നാളെ വിഷു ആഘോഷത്തിലേക്ക് കാത്തിരിക്കുകയാണ് കവന്‍ട്രി ഹിന്ദു സമാജം അംഗങ്ങള്‍.
വിലാസം
risen christ church hall
Wyken Croft, Coventry CV2 3AE
Leave a Reply