സ്വന്തം ലേഖകൻ

ലണ്ടൻ : കൊറോണ വൈറസ് ലോകം പിടിച്ചടക്കുകയാണ്. കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം ലോകത്താകമാനം ഒരു ലക്ഷം കടന്നു. ഇതുവരെയുള്ള കണക്കനുസരിച്ച് 102,734 ആളുകൾക്കാണ് ഈ രോഗം പിടിപെട്ടു ജീവൻ നഷ്ടപെട്ടത്. ആകെ രോഗബാധിതരുടെ എണ്ണവും 16 ലക്ഷം കടന്നു. പിടിച്ചുനിർത്താൻ ശ്രമിച്ചിട്ടും പിടിതരാതെ സംഹാരതാണ്ഡവം നടത്തുകയാണ് കൊലയാളി വൈറസ്. യുകെയിൽ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 73,758 ആയി ഉയർന്നു. ഇന്നലെ മാത്രം ഒരു പ്രവാസി മലയാളി ഉൾപ്പെടെ 980 പേർ മരണപ്പെട്ടു. ഏറ്റവും കൂടുതൽ മരണങ്ങൾ സംഭവിച്ച രാജ്യങ്ങളിൽ ബ്രിട്ടൻ അഞ്ചാം സ്ഥാനത്താണ്. പ്രതിദിനം ഉയരുന്ന മരണസംഖ്യ രാജ്യത്തെ വല്ലാതെ തളർത്തുന്നുണ്ട്. രോഗം തീവ്രമായതിനെ തുടർന്ന് തീവ്രപരിചരണത്തിൽ പ്രവേശിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ സുഖം പ്രാപിച്ചു വരുന്നതായി ഡൗണിംഗ് സ്ട്രീറ്റ് അറിയിച്ചു. അദ്ദേഹം നടക്കാൻ തുടങ്ങിയതായും തനിക്ക് ലഭിച്ച അവിശ്വസനീയമായ പരിചരണത്തിന് തന്നെ പരിപാലിച്ച ടീമിന് പ്രധാനമന്ത്രി നന്ദി അറിയിച്ചതായും വക്താവ് പറഞ്ഞു. ഗുരുതരാവസ്ഥ തരണം ചെയ്തതിനാൽ ജോൺസനെ വാർഡിലേക്ക് മാറ്റി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം എൻ‌എച്ച്‌എസ് തൊഴിലാളികൾക്കുള്ള പേർസണൽ പ്രൊട്ടക്റ്റീവ് എക്വിപ്മെന്റ് (പിപിഇ)ന്റെ അഭാവത്തെക്കുറിച്ച് പ്രധാനമന്ത്രിയെ അറിയിച്ച ഡോക്ടർ കൊറോണ വൈറസ് ബാധിച്ച് മരിച്ചു. കിഴക്കൻ ലണ്ടനിലെ റോംഫോർഡിലെ ക്വീൻസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൺസൾട്ടന്റ് യൂറോളജിസ്റ്റ് അബ്ദുൽ മബുദ് ചൗധരി (53) ആണ് മരണപ്പെട്ടത്. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് അഞ്ച് ദിവസം മുമ്പ്, എൻ എച്ച് എസ് ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും സംരക്ഷിക്കാൻ ആവശ്യമായ പിപിഇ ലഭ്യമാക്കണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടിരുന്നു. കിഴക്കൻ ലണ്ടനിലെ ഹോമർട്ടൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന അദ്ദേഹത്തെ മാർച്ച് 23നാണ് രോഗം പിടിപെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡോ. ചൗധരിയുടെ മരണത്തിൽ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) ചെയർമാൻ ഡോ. ചന്ദ് നാഗ്പോൾ ഖേദം പ്രകടിപ്പിച്ചു. ഉപകരണങ്ങൾ എത്തിക്കുന്നതിനായി തങ്ങൾ പരിശ്രമിക്കുകയാണെന്ന് സർക്കാർ അറിയിച്ചു.

ആഗോളതലത്തിൽ മരണം ഒരു ലക്ഷം കടന്നതോടെ തീവ്രമായ ഘട്ടത്തിലാണ് ലോകം എത്തി നിൽക്കുന്നത്. അമേരിക്കയിൽ രോഗികളുടെ എണ്ണം അഞ്ചു ലക്ഷത്തോടടുക്കുന്നു. മരണസംഖ്യയിൽ സ്പെയിനിനെ പിന്തള്ളി അമേരിക്ക രണ്ടാമതെത്തി.ന്യൂയോർക്കിൽ മാത്രം രാജ്യങ്ങളെക്കാൾ കൂടുതൽ കൊറോണ വൈറസ് ബാധിതരുണ്ടെന്ന ഗുരുതരാവസ്ഥയിലാണിപ്പോൾ . 19000ത്തോളം മരണങ്ങൾ ഉണ്ടായ ഇറ്റലിക്ക് പിന്നിൽ 18000 മരണങ്ങളുമായി അമേരിക്ക നിലകൊള്ളുന്നു. സ്പെയിനിൽ 16000ത്തോളം മരണങ്ങൾ ഉണ്ടായിക്കഴിഞ്ഞു. സ്പെയിൻ, ഇറ്റലി, ഫ്രാൻസ്, ജർമ്മനി എന്നിവിടങ്ങളിൽ രോഗികളുടെ എണ്ണം ഒരുലക്ഷത്തിൽ ഏറെയാണ്. ഇതുവരെ 210 രാജ്യങ്ങളിൽ രോഗം വ്യാപിച്ചുകഴിഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നു.