ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ബ്രിട്ടനിൽ ഇലക്ട്രിക് കാർ ചാർജിങ് ചെലവ് ഉയരുന്നു. ഊർജ്ജ വില വർധനയെ തുടർന്നാണിത്. എന്നാൽ പെട്രോൾ, ഡീസൽ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇലക്‌ട്രിക് കാർ ചാർജിംഗ് ഇപ്പോഴും ലാഭകരമാണെന്ന് മോട്ടോർ ഓർഗനൈസേഷൻ പറഞ്ഞു. പൊതുവിൽ ഉപയോഗിക്കാവുന്ന റാപ്പിഡ് ചാർജറിൽ ചാർജ് ചെയ്യുന്നതിന്റെ വില കഴിഞ്ഞ ഒമ്പത് മാസത്തിനിടെ 21% വർദ്ധിച്ചു. എനർജി ബില്ലുകൾ കുതിച്ചുയരുന്നതിനാൽ വീട്ടിലിരുന്ന് ചാർജ് ചെയ്യുന്നതും ചെലവേറിയതായി മാറി. റഷ്യയുടെ യുക്രൈൻ അധിനിവേശത്തിനു ശേഷം വൈദ്യുതി, ഗ്യാസ് എന്നിവയുടെ വിലയിലുണ്ടായ വർദ്ധനയാണ് ചാർജിംഗ് ചെലവുകൾ ഉയരാൻ കാരണം.

സാപ്പ് മാപ്പ് പ്രകാരം ബിപി പൾസ്, ഇൻസ്‌റ്റാവോൾട്ട്, ഓസ്‌പ്രേ എന്നിവയാണ് മൂന്ന് പ്രധാന റാപ്പിഡ് ചാർജിംഗ് കമ്പനികൾ. അതേസമയം, കഴിഞ്ഞ സെപ്തംബർ മുതൽ ഒരു ലിറ്റർ പെട്രോളിന്റെ ശരാശരി വില 25 ശതമാനവും ഡീസൽ വില 30 ശതമാനവും വർദ്ധിച്ചതായി ആർഎസി വ്യക്തമാക്കി. ഈ മാസം ഡീസൽ വില ലിറ്ററിന് 1.80 പൗണ്ട് എന്ന റെക്കോർഡിലേക്ക് ഉയർന്നു.

റോഡിലെ അതിവേഗ ചാർജിംഗിനെക്കാൾ 46% വിലകുറഞ്ഞതാണ് ലാംപ്പോസ്റ്റിൽ നിന്നുള്ള ചാർജിങ്. എന്നാൽ, രാജ്യത്തിന്റെ ചിലയിടങ്ങളിൽ മാത്രമേ ഇപ്പോൾ ഇത് ലഭ്യമാവൂ. യുകെയിലുടനീളമുള്ള 400 കൗൺസിലുകളിൽ 87 കൗൺസിലുകൾ മാത്രമാണ് 2017 മുതൽ ഓൺ-സ്ട്രീറ്റ് റെസിഡൻഷ്യൽ ചാർജ്പോയിന്റ് ഗ്രാന്റിനായി അപേക്ഷിച്ചത്.