കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ ഇംഗ്ലണ്ടിലെ എല്ലാ ഫുട്ബോള്‍ മത്സരങ്ങളും താല്‍ക്കാലികമായി നിര്‍ത്തി വക്കാന്‍ ഫുട്ബോള്‍ അസോസിയേഷന്‍ തീരുമാനം. ഫുട്‌ബോള്‍ ലീഗായ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് റദ്ദാക്കി. ഏപ്രില്‍ മൂന്ന് വരെയാണ് ലീഗ് മത്സരങ്ങള്‍ നിര്‍ത്തിവെച്ചത്. ടീം ഉടമകളുടെ അടിയന്തരയോഗം ചേര്‍ന്നാണ് ഏപ്രില്‍ മൂന്നുവരെ ലീഗ് മത്സരങ്ങള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതെന്ന് പ്രീമിയര്‍ ലീഗ് ചീഫ് എക്‌സിക്യൂട്ടീവ് റിച്ചാര്‍ഡ് മാസ്റ്റേഴ്‌സ് പറഞ്ഞു.

ഇതിനുപുറമെ ഈ മാസം 27ന് ഇറ്റലിയുമായും 31ന് ഡെന്‍മാര്‍ക്കുമായും നടത്താനിരുന്ന ഇംഗ്ലണ്ടിന്റെ രാജ്യാന്തര സൗഹൃദ മത്സരങ്ങളും രണ്ടാം ഡിവിഷന്‍ ലീഗ് മത്സരങ്ങളും റദ്ദാക്കിയിട്ടുണ്ട്. എഫ് എ കപ്പ് മത്സരങ്ങളും റദ്ദാക്കിയിട്ടുണ്ട്. രാജ്യത്തെ എല്ലാ ഫുട്‌ബോള്‍ മത്സരങ്ങളും ഏപ്രില്‍ മൂന്നുവരെ നിര്‍ത്തിവെക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.

നേരത്തെ കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ ചാമ്പ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ്, സ്പാനിഷ് ലീഗ്, ഇറ്റാലിയന്‍ ലീഗ് മത്സരങ്ങള്‍ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രീമിയര്‍ ലീഗ് മത്സരങ്ങളും റദ്ദാക്കിയത്. കൊറോണ വൈറസ് ബാധമൂലം ബ്രിട്ടനില്‍ ഇതുവരെ 10 പേര്‍ മരിച്ചിട്ടുണ്ട്. 596 പേര്‍ക്കാണ് ബ്രിട്ടനില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 491 പേരും ഇംഗ്ലണ്ടിലാണ്