ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുന്നു. കോവിഡ് വ്യാപനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ബ്രിട്ടനെ മറികടന്ന് നാലാം സ്ഥാനത്തെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പതിനായിരത്തിലേറെ കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. ഇന്നലെയും പതിനായിരത്തിനടുത്ത് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തിരുന്നു.

ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 2,95,772 ആയി ഉയർന്നിട്ടുണ്ട്. ബ്രിട്ടനിലെ കോവിഡ് ബാധിതരുടെ എണ്ണം 2,91,588 ആണ്. കോവിഡ് ബാധിതരുടെ എണ്ണത്തിൽ അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. ബ്രസീൽ, റഷ്യ എന്നീ രാജ്യങ്ങളാണ് രണ്ടും മൂന്നും സ്ഥാനത്ത്. അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു. ബ്രസീലിൽ ഏഴര ലക്ഷത്തിലധികം പേർക്കും റഷ്യയിൽ അഞ്ച് ലക്ഷത്തോളം പേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 76 ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഏറ്റവും ഒടുവിൽ ലഭിച്ച കണക്കനുസരിച്ച് 75,83,521 പേർക്കാണ് ആഗോളതലത്തിൽ കോവിഡ് ബാധിച്ചിരിക്കുന്നത്. ആഗോളതലത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,23,082 ആയി.

സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നതിനൊപ്പം സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണവും കൂടുന്നത് ആശങ്ക പരത്തുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിക്കുമ്പോൾ ഉറവിടം കണ്ടെത്താനുള്ള ബുദ്ധിമുട്ടാണ് ഇപ്പോഴത്തെ വെല്ലുവിളി. ആരോഗ്യവകുപ്പ് അതീവ ജാഗ്രതയോടെ നീങ്ങുന്നുണ്ടെങ്കിലും സാമൂഹ്യവ്യാപനം തടയുക വലിയ വെല്ലുവിളിയാണ്.

സാമൂഹവ്യാപനമുണ്ടായോ എന്ന് കണ്ടെത്താന്‍ നടത്തിയ രണ്ടു ദിവസത്തെ റാപ്പിഡ് ആന്റിബോഡി പരിശോധനയില്‍ ഇരുപത്തഞ്ചോളം പേർക്ക് കോവിഡ് ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം ആരോഗ്യവകുപ്പ് ഇതുവരെ നൽകിയിട്ടില്ല. പിസിആർ ടെസ്റ്റിനു ശേഷം മാത്രമേ ഇവരുടെ രോഗവിവരം സ്ഥിരീകരിക്കൂ. ആന്റിബോഡി ടെസ്റ്റിനു കൃത്യത കുറവുണ്ട്. അതിനാലാണ് പിസിആർ ടെസ്റ്റ് നടത്തുന്നത്. പതിനൊന്ന് ദിവസത്തിനിടെ സമ്പര്‍ക്ക രോഗബാധിരുടെ എണ്ണം 101 ആയി ഉയര്‍ന്നതും വെല്ലുവിളിയാണ്. ജൂണില്‍ മാത്രം 23 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചതോടെ വിദഗ്‌ധ സംഘം ആശുപത്രികള്‍ പരിശോധിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നൽകി. ഉറവിടമറിയാത്ത രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊല്ലം, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ പരിശോധന കർശനമാക്കും.