ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസും എൻസിപി-എസ്പിയും വീണ്ടും കോൺഗ്രസിന്റെ ഭാഗമാകുമോയെന്ന ചർച്ചകൾ ദേശീയ രാഷ്ട്രീയത്തിൽ ശക്തമാകുന്നു. പ്രതിപക്ഷ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ മതനിരപേക്ഷ പാർട്ടികൾ ഒരുമിക്കേണ്ട സാഹചര്യമാണിപ്പോഴുള്ളതെന്ന് മഹാരാഷ്ട്ര കോൺഗ്രസ് നേതാവ് നാനാ പട്ടോൾ പറഞ്ഞു. ശരദ് പവാറും മമത ബാനർജിയും കോൺഗ്രസുമായി ലയിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. എന്നാൽ ലയനവാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രതികരിച്ചു.
ഇതിനിടെ, ചെറിയ പ്രാദേശിക പാർട്ടികൾ വീണ്ടും കോൺഗ്രസിന്റെ നേതൃത്വത്തിൽ ഒന്നിക്കണമെന്ന് ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടു. കോൺഗ്രസിനെ ശക്തിപ്പെടുത്തേണ്ടത് രാജ്യത്തിന്റെ രാഷ്ട്രീയ സാഹചര്യത്തിൽ അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിഷയത്തിൽ പ്രതികരിച്ച എൻസിപി-എസ്പി നേതാവായ സുപ്രിയ സുലെ, “ആദ്യം മഴ പെയ്യട്ടെ, പിന്നെ കുട വേണോ റെയിൻകോട്ട് വേണോ എന്ന് നോക്കാം” എന്ന നിഗൂഢ പ്രതികരണമാണ് നടത്തിയത്.
മുതിർന്ന കോൺഗ്രസ് നേതാവ് അശോക് ഗെഹ്ലോട്ടും പ്രാദേശിക പാർട്ടികൾ കോൺഗ്രസിൽ ലയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുൽ ഗാന്ധിയെ ദേശീയതലത്തിൽ പ്രതിപക്ഷ നേതാവായി അംഗീകരിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. 1998-ൽ മമത ബാനർജിയും 1999-ൽ ശരദ് പവാറും കോൺഗ്രസ് വിട്ട് സ്വന്തം പാർട്ടികൾ രൂപീകരിച്ചിരുന്നു. അടുത്തകാലത്തായി തൃണമൂലിലും എൻസിപിയിലും ഉണ്ടായ ആഭ്യന്തര പ്രതിസന്ധികളാണ് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.











Leave a Reply