ശ്രീലങ്കന്‍ ക്യാമ്പിലെ കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഈ മാസം 13-ന് ആരംഭിക്കേണ്ട ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം നീട്ടി. പുതുക്കിയ തിയതി അനുസരിച്ച് ഏകദിനങ്ങള്‍ ജൂലൈ 17, 19, 21 തിയതികളിലും ടി20 പരമ്പര 24, 25, 27 തിയതികളിലും നടക്കും.
ലങ്കന്‍ ബാറ്റിംഗ് കോച്ച് ഗ്രാന്‍ഡ് ഫ്‌ളവറിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ടീമിലെ മറ്റൊരു സപ്പോര്‍ട്ട് സ്റ്റാഫിനും രോഗം സ്ഥിരീകരിച്ചു. ഇതോടെ ടീമിന്റെ ഐസൊലേഷന്‍ കാലാവധി നീട്ടേണ്ടി വരും. ഈ സാഹചര്യത്തിലാണ് പരമ്പര നീട്ടിവെച്ചത്.
ലങ്കയ്ക്കെതിരായ പരമ്പരയില്‍ ഇംഗണ്ട് ടീമിലുണ്ടായിരുന്ന മൂന്ന് താരങ്ങള്‍ക്കും നാല് സ്റ്റാഫിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ലങ്കന്‍ ടീമിലും കോവിഡ് കടന്നു കൂടിയത്. അതിനാല്‍ തന്നെ ക്വാറന്റൈനില്‍ യാതൊരു ഇളവും ശ്രീലങ്കന്‍ താരങ്ങള്‍ക്ക് ലഭിക്കില്ല. സര്‍ക്കാര്‍ ക്വാറന്റൈന്‍ നിയമങ്ങള്‍ ടീം ശക്തമായി പാലിക്കേണ്ടതുണ്ട്.
ഇംഗ്ലണ്ടില്‍ സമ്പൂര്‍ണ തോല്‍വി ഏറ്റുവാങ്ങിയാണ് ശ്രീലങ്ക നാട്ടിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. മൂന്നു വീതം ഏകദിന-ടി20 മത്സരങ്ങളാണ് ഇന്ത്യ ലങ്കയില്‍ കളിക്കുക. ഏകദിന പരമ്പരയോടെയാണ് പര്യടനം ആരംഭിക്കുക.
Leave a Reply