ഒരു അപ്പാര്‍ട്ട്മെന്റിന്റെ രണ്ടു ബ്ലോക്കുകളുടെ ഭിത്തിക്കിടയില്‍ കുടുങ്ങിയ നിലയില്‍ ഉത്തര്‍പ്രദേശില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. അമ്രപാലി സിലിക്കണ്‍ സൊസൈറ്റിയില്‍ വീട്ടുജോലിക്കു നില്‍ക്കുന്ന ബിഹാര്‍ കാതിഹര്‍ സ്വദേശിയായ പത്തൊന്‍പതുകാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. തറനിരപ്പില്‍നിന്ന് 120 അടി ഉയരത്തില്‍ കെട്ടിടത്തിന്റെ സി, ഡി ബ്ലോക്കുകള്‍ക്കിടയില്‍ ഒന്നരയടി മാത്രം വീതിയുള്ള ഭാഗത്ത് ഭിത്തിക്കിടയില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം.

സൊസൈറ്റിയിലെ ഒരു ദമ്പതികളുടെ വീട്ടില്‍ ജോലിക്കു നില്‍ക്കുകയായിരുന്നു പെണ്‍കുട്ടി. ജൂണ്‍ 28 മുതല്‍ ഇവരെ കാണാതായിരുന്നു. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശവാസികളാണ് വിവരം പൊലീസില്‍ അറിയിച്ചത്. സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഹരിയാനയിലെ ഗുഡ്ഗാവില്‍ പോയിരുന്ന ദമ്പതികള്‍ വിവരം അറിഞ്ഞ് തിരിച്ചെത്തി മൃതദേഹം തിരിച്ചറിയുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.

ചീര്‍ത്തും പരുക്കേറ്റും വികൃതമായ നിലയിലായിരുന്നു മൃതദേഹം. ദേശീയ ദുരന്തനിവാരണ സംഘം രണ്ടുമണിക്കൂറിലധികം സമയമെടുത്താണ് മൃതദേഹം പുറത്തെത്തിച്ചത്. കെട്ടിടത്തിന്റെ സി, ഡി ബ്ലോക്കുകള്‍ക്കിടയില്‍ കുടുങ്ങിയ നിലയിലുള്ള മൃതദേഹം റോപ്പുപയോഗിച്ച് താഴെയിറക്കുകയായിരുന്നു. ഒന്നരയടി മാത്രം വീതിയുണ്ടായിരുന്നതിനാല്‍ ഭിത്തി ചെറുതായി മുറിച്ചുമാറ്റിയതിനു ശേഷമാണ് മൃതദേഹം പുറത്തെടുക്കാന്‍ സാധിച്ചത്. ദുരന്തനിവാരണ സേനയുടെ 35 അംഗ സംഘമാണ് ഇതില്‍ പങ്കെടുത്തത്.

അതേസമയം, പെണ്‍കുട്ടിക്കെന്താണ് സംഭവിച്ചതെന്ന് അറിയാന്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. എങ്ങനെയാണ് മൃതദേഹം അവിടെത്തിയതെന്നും അന്വേഷിക്കും. മരണകാരണം കണ്ടെത്താന്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി.