പത്തുവയസുകാരൻ അലന് എന്താണ് ചുറ്റും നടക്കുന്നതെന്ന് പോലും മനസിലാകുന്നില്ല. പച്ചപിടിച്ചുവരികയായിരുന്ന ജീവിതം കൺമുന്നിൽ കൈവിട്ടുപോയത് മാത്രം ഈ കുഞ്ഞിനറിയാം. അച്ഛനും അമ്മയും ഇരട്ടസഹോദരനും നഷ്ടമായ അലൻ ഇന്ന് മണലൂർ അയ്യപ്പൻകാവ് ക്ഷേത്രത്തിനടുത്തുള്ള കൊച്ചുവീട്ടിൽ തനിച്ചായിരിക്കുകയാണ്.
പഞ്ചായത്തിന്റെ സഹായത്തോടെ നിർമിച്ചതാണ് അലന്റെ അച്ഛൻ ചുള്ളിപ്പറമ്പിൽ സുഭാഷും അമ്മ ജിജിയും ചേർന്ന് ഈ വീട് നിർമ്മിച്ചത്. രണ്ട് വർഷം മുമ്പായിരുന്നു വീട് നിർമ്മാണം. സുഭാഷിന് മണലൂർ സഹകരണ ബാങ്കിന്റെ മൂന്നാം ശാഖയിൽ സ്ഥിരനിയമനം കിട്ടിയതോടെയാണ് ആ ചെറിയ വീട് പഞ്ചായത്തിന്റെ സഹായത്തോടെ നിർമ്മിച്ചത്. ജീവിതം കരയ്ക്കടുത്തു തുടങ്ങുന്നതിനിടെയാണ് രണ്ടാഴ്ച മുമ്പ് അലന്റെ അമ്മ ജിജിയുടെ ജീവൻ കോവിഡ് കവർന്നത്. രണ്ടു ദിവസം മുമ്പ് അലന്റെ അച്ഛൻ സുഭാഷും കോവിഡ് ബാധിച്ച് മരിച്ചു. അലന്റെ ഇരട്ട സഹോദരൻ വർഷങ്ങൾക്ക് മുന്നേ അസുഖം മൂലം മരിച്ചിരുന്നു. അലന് കോവിഡ് ബാധിച്ചെങ്കിലും ഭേദമായി.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ എത്തിച്ചയുടനെയാണ് അലന്റെ അമ്മ ജിജി മരിച്ചത്. മരണാനന്തര ചടങ്ങ് കഴിഞ്ഞയുടൻ സുഭാഷ് പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവായിരുന്നു. എന്നാൽ, പിന്നീട് ആരോഗ്യസ്ഥിതി വഷളായി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ സുഭാഷിന്റെ ജീവനും കോവിഡ് തട്ടിയെടുത്തു. സുഭാഷിന്റെ സഹോദരനും അടുത്ത കാലത്താണ് മരണപ്പെട്ടത്.
നാട്ടുകാർക്ക് ഏറെ പ്രിയങ്കരനും പൊതുപ്രവർത്തകനുമായിരുന്നു സുഭാഷ്. മണലൂർ പഞ്ചായത്തിലെ നാലാം വാർഡിലാണ് അലന്റെ വീട്. ഇപ്പോൾ വാർഡ് അംഗം രാഗേഷ് കണിയാംപറമ്പിലിന്റെയും നാട്ടുകാരുടെയും തണലിൽ കഴിയുകയാണ് ഈ പത്തുവയസുകാരൻ. മണലൂർ സെയ്ന്റ് ഇഗ്നേഷ്യസ് യുപി സ്കൂളിൽ അഞ്ചാം ക്ലാസിലാണ് അലൻ.
Leave a Reply