ചെന്നൈയില്‍ സീരിയല്‍ നടനെ റോഡിലിട്ടു വെട്ടിക്കൊന്നതിനു പിന്നില്‍ വിവാഹേതരബന്ധമെന്നു പൊലീസ്. നടന്റെ കാമുകിയുടെ ഭര്‍ത്താവും കൂട്ടാളികളുമാണ് കൊലയാളികള്‍. കൊടുവാളുമായി ഭര്‍ത്താവ് പുറപ്പെട്ടത് കാമുകി അറിയിച്ചെങ്കിലും ശെല്‍വരത്നം അവഗണിക്കുകയായിരുന്നു.

തമിഴ് സീരിയലുകളിലെ വില്ലന്റെ കൊലയ്ക്കു പിന്നില്‍ വിവാഹേതര ബന്ധമെന്നാണു പൊലീസ് വിശദീകരണം. ശ്രീലങ്കന്‍ അഭയാര്‍ഥിയായ ഒരാള്‍ അറസ്റ്റിലായി. സ്റ്റാര്‍ വിജയിലെ ഹിറ്റ് സീരിയലായ തേന്‍മൊഴി ബി.എയിലെ വില്ലന്‍ ശെല്‍വരത്നം ഞായറാഴ്ചയാണു കൊല്ലപെട്ടത്. എം.ജി.ആര്‍ നഗറില്‍ വച്ചു ഓട്ടോറിക്ഷയിലെത്തിയ നാലംഗ സംഘം വെട്ടിയും കുത്തിയും നടനെ കൊന്നു. ഫോണ്‍ കോള്‍ വന്നതിനു പിന്നാലെ താമസസ്ഥലത്തു നിന്ന് പുറത്തേക്കു പോയതായിരുന്നു ശെല്‍വരത്നം.

സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നാലുപേര്‍ ചേര്‍ന്നാണ് കൊലനടത്തിയതെന്നു കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് വിരുദ്നഗറിലെ ശ്രീലങ്കന്‍ അഭയാര്‍ഥി ക്യാംപില്‍ താമസിക്കുന്ന വിജയ്കുമാര്‍ അറസ്റ്റിലായത്. വിജയ്കുമാറിന്റെ ഭാര്യയുമായി നടന്‍ കഴിഞ്ഞ എട്ടുമാസമായി പ്രണയത്തിലായിരുന്നു.

ഇരുവരും പലസ്ഥലങ്ങളിലുംവച്ച് കാണാറുണ്ടായിരുന്നു. ഇതറിഞ്ഞ വിജയ് കുമാര്‍ ശെല്‍വരത്നത്തെ കൊല്ലാന്‍ തീരുമാനിച്ചു. പന ചെത്താനുപയോഗിക്കുന്ന കൊടുവാളടക്കമുള്ള ആയുധങ്ങളുമായി വീട്ടില്‍നിന്ന് പുറപ്പെട്ടത് കാമുകി ശെല്‍വരത്നത്തെ അറിയിച്ചിരുന്നു. എന്നാല്‍ ശെല്‍വരത്നം വിജയ്കുമാറിനെ നേരിടാന്‍ ഒരുങ്ങി പുറപെടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കൂട്ടുപ്രതികള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.