അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

ലോക്ഡൗൺ നിയന്ത്രണങ്ങളാലും പ്രതിരോധ കുത്തിവെപ്പുകൾ നൽകിയും യുകെയിലെ കോവിഡ് വ്യാപനം കുറഞ്ഞതിൻെറ ആശ്വാസത്തിൽ ആയിരിക്കുമ്പോൾ കേരളത്തിലെ രോഗവ്യാപനതോത് ഉയരുന്നതിൻെറ ആശങ്കയിലാണ് യുകെ മലയാളികൾ. എന്നിനി ജന്മനാട്ടിൽ സന്ദർശനം നടത്താമെന്നതും തങ്ങളുടെ ഉറ്റവരെയും ബന്ധുക്കളെയും കാണാൻ സാധിക്കും എന്നുള്ളതും പ്രവാസി മലയാളികളുടെ ഇടയിൽ ചോദ്യചിഹ്നമായി അവശേഷിക്കുന്നു . തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിൽ കോവിഡ് കേസുകൾ കുതിച്ചുയരുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ, ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള നേതാക്കൾ കോവിഡ് പോസിറ്റീവ് ആയി. കേരള കൃഷി മന്ത്രി വി. എസ് സുനിൽകുമാറിന് രണ്ടുതവണ കോവിഡ് വന്നു എന്ന വാർത്തയും പുറത്തു വന്നു. കേരളത്തിൽ മാത്രമല്ല ഇന്ത്യയിലും കോവിഡ് വ്യാപനവും മരണനിരക്കും അതിരൂക്ഷമാവുകയാണ്. പക്ഷെ കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രചരണ കോലാഹലങ്ങളാണ് കോവിഡ് വ്യാപനം കുതിച്ചുയരാൻ പ്രധാന പങ്കു വഹിച്ചത് എന്നത് പകൽ പോലെ വ്യക്തമാണ്. രോഗവ്യാപനം അനിയന്ത്രിതമായി കൂടി ഇന്ത്യയും റെഡ് ലിസ്റ്റിൽ വന്നാൽ സമീപഭാവിയിലെങ്ങും യുകെ മലയാളികൾക്ക് കേരളത്തിൽ വന്നു പോകുക സുഗമമായിരിക്കില്ല.

കേരളത്തിൽ കോവിഡ് വ്യാപനം കുതിച്ചുയരുന്നതിൻെറ ധാർമ്മിക ഉത്തരവാദിത്വത്തിൽ നിന്ന് രാഷ്ട്രീയ നേതൃത്വങ്ങൾക്ക് ഒഴിഞ്ഞു മാറാൻ പറ്റില്ല എന്നാണ് ഭൂരിപക്ഷം യുകെ മലയാളികളും വിശ്വസിക്കുന്നത്. യാതൊരു രീതിയിലുള്ള കോവിഡ് പ്രോട്ടോക്കോളും പാലിക്കാതെ വളരെ നിരുത്തരവാദിത്വപരമായ പെരുമാറ്റമായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ എല്ലാ മുന്നണികളും പുലർത്തിയത്. മാസ്ക് ധരിക്കാനോ കോവിഡിനെതിരെ എന്തെങ്കിലും മുൻകരുതലുകൾ സ്വീകരിക്കാനോ നേതാക്കളോ മുന്നണികളോ തയ്യാറായില്ല എന്നതിൻെറ പരിണിതഫലമാണ് കടിഞ്ഞാണില്ലാതെ കുതിച്ചുയരുന്ന രോഗവ്യാപനതോത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കോവിഡ് കാലമാണെങ്കിലും തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിലേയ്ക്കും ജാഥകളിലേയ്ക്കും ആൾക്കാരെ കൂടുതൽ എത്തിക്കാൻ കാണിച്ച മത്സരബുദ്ധിയാണ് രോഗവ്യാപനതോത് ഉയരുന്നതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് മാധ്യമങ്ങൾ രാഷ്ട്രീയപാർട്ടികൾ നടത്തിയ കോവിഡ് പ്രോട്ടോകോൾ ലംഘനത്തിനെതിരെ കണ്ണടയ്ക്കുകയാണ് ചെയ്തത്. കർശന നിയന്ത്രണങ്ങളോടെ രോഗവ്യാപനതോത് പിടിച്ച് കെട്ടി യുകെ സ്ഥിരത കൈവരിച്ചപ്പോൾ രോഗ പ്രതിരോധത്തിൽ ആദ്യകാലത്ത് പ്രശംസ പിടിച്ചു പറ്റിയ കേരളം നിയമസഭ തെരഞ്ഞെടുപ്പിൽ ഇരുമുന്നണികളും കേരളത്തിൻെറ ഒരറ്റം മുതൽ മറ്റേ അറ്റം വരെ നടത്തിയ രാഷ്ട്രീയ പ്രചരണ യാത്രകളാലും മറ്റും കോവിഡ് വ്യാപനത്തിൻെറ കൂത്തരങ്ങായി മാറി.

യുകെയിൽ ഫിലിപ്പ് രാജകുമാരൻെറ മരണാനന്തര ചടങ്ങിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് 30 പേർ മാത്രം പങ്കെടുക്കുമ്പോൾ അതിതീവ്ര കോവിഡ് വ്യാപനം നടക്കുന്ന കേരളത്തിലെ സ്ഥിതി വിഭിന്നമാണ്. വിവാഹങ്ങളും മൃതസംസ്കാര ശുശ്രുഷകളും സൃഷ്ടിക്കുന്ന ആൾക്കൂട്ടങ്ങൾ കോവിഡ് വ്യാപനത്തിൻെറ മുഖ്യ സ്രോതസ്സായി മാറുന്ന കാഴ്ച ദുഃഖകരമാണ്. ഇലക്ഷൻ റിസൾട്ട് പ്രഖ്യാപിക്കുന്ന മെയ് 2 ന് നടക്കുന്ന ആഹ്ലാദപ്രകടനങ്ങൾ രോഗവ്യാപനത്തിൻെറ തീവ്രത വീണ്ടും ഉയർത്തും എന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

കേരളത്തിൽ കോവിഡ് വ്യാപനത്തിൻെറ രൂക്ഷത ഏറ്റവും കൂടുതൽ ബാധിച്ചത് വിദ്യാഭ്യാസ മേഖലെയാണ്. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി. പ്ലസ് ടു എക്സാമിനേഷൻ അനശ്ചിതത്വത്തിലായി. യൂണിവേഴ്സിറ്റി പരീക്ഷകൾ ഒട്ടു മിക്കതും താളംതെറ്റി. മാറ്റിവയ്ക്കപ്പെട്ട പ്ലസ് ടു എക്സാമിനേഷൻ അടുത്തവർഷത്തെ ബിരുദ തല കോഴ്സുകളുടെ പ്രവേശനത്തെയും താളം തെറ്റിക്കും എന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. അടുത്ത ഒരു അധ്യയന വർഷം കൂടി വിദ്യാർഥികൾക്ക് നഷ്ടമാകുമോ എന്ന് ആശങ്കയിലാണ് അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും.