കേരളം വീണ്ടും സമ്പൂര്‍ണ ലോക്ക് ഡൗണിലേക്കോ ? വ്യക്തമാക്കി മുഖ്യമന്ത്രി; കോവിഡ് വ്യാപനം ഗുരുതരാവസ്ഥയിൽ, മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സൂചന നൽകി പിണറായി…….

കേരളം വീണ്ടും സമ്പൂര്‍ണ ലോക്ക് ഡൗണിലേക്കോ ? വ്യക്തമാക്കി മുഖ്യമന്ത്രി; കോവിഡ് വ്യാപനം ഗുരുതരാവസ്ഥയിൽ, മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സൂചന നൽകി പിണറായി…….
July 22 19:07 2020 Print This Article

കേരളത്തില്‍ കോവിഡ് വ്യാപനം ഗുരുതരാവസ്ഥയിലേക്ക് കടന്നതോടെ വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആലോചിക്കേണ്ടി വരും എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ഇന്ന് മാത്രം രോഗികളുടെ എണ്ണം ആയിരം കടന്നിരിക്കുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.

”സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നേരത്തെ നടപ്പിലാക്കി. ഇത്തരം അഭിപ്രായം വീണ്ടും വരുന്നുണ്ട്. അത് ഗൗരവമായി പരിഗണിക്കേണ്ടി വരുമെന്നാണ് തോന്നുന്നത്”, എന്ന് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

സര്‍വകക്ഷി യോഗത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി സര്‍വകക്ഷി യോഗം സര്‍ക്കാര്‍ വിളിച്ച് ചേര്‍ത്തിട്ടുണ്ട്. അങ്ങനെയെങ്കില്‍ ഈ ആഴ്ച അവസാനത്തോടെയോ അടുത്ത ആഴ്ച ആദ്യമോ സംസ്ഥാനം സമ്പൂര്‍ണ ലോക്ക്ഡൗണിലേയ്ക്ക് നീങ്ങിയേക്കും.

സംസ്ഥാനത്ത് ആദ്യമായി ഇന്ന് 1038 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 226 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 120 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 101 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 92 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 61 പേര്‍ക്കും, തൃശ്ശൂര്‍ ജില്ലയില്‍ നിന്നുള്ള 56 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 51 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 49 പേര്‍ക്കും, ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 43 പേര്‍ക്ക് വീതവും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 34 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

ഇതിന് മുമ്പ് മാര്‍ച്ച് 23-ന് കേരളം സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. കേന്ദ്രം ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പായിരുന്നു ഇത്. സംസ്ഥാനത്തിന്റെ അതിര്‍ത്തികള്‍ നിലവില്‍ അടച്ചിട്ടിരിക്കുകയാണ്. അടിയന്തര ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമേ ഇപ്പോള്‍ ആളുകള്‍ക്ക് അതിര്‍ത്തി കടന്ന് വരാനാകൂ. അതും ജാഗ്രത പോര്‍ട്ടലില്‍ നിന്ന് പാസ്സ് ഉറപ്പായി ലഭിച്ചതിന് ശേഷം മാത്രം. കര്‍ശന പരിശോധനകള്‍ക്ക് ശേഷം മാത്രമേ അതിര്‍ത്തി കടത്തി വിടൂ എന്നും സര്‍ക്കാര്‍ അറിയിച്ചു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles