ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിൽ കോവിഡ് കേസുകൾ കുറയുന്നതിൻ്റെ സൂചനകൾ കണ്ടുതുടങ്ങി. ഇന്നലെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത പ്രതിദിന കോവിഡ് കേസുകൾ എണ്ണം 81,713 ആണ്. ഈ കഴിഞ്ഞ ഡിസംബർ 15 -ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന രോഗവ്യാപന നിരക്കാണിത്. ഈ കണക്കുകളുടെ അടിസ്ഥാനത്തിൽ ഒമിക്രോണിൻെറ തരംഗം അധികം താമസിയാതെ യുകെയിൽ അവസാനിക്കും എന്നാണ് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നത്. എന്നിരുന്നാലും കഴിഞ്ഞ ആഴ്ചയിൽ 1843 പേരാണ് കോവിഡ് മൂലം മരണമടഞ്ഞത്. ഇത് അതിന് മുമ്പിലെ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ 45 ശതമാനം കൂടുതലാണ്. ആശുപത്രികളിൽ രോഗംമൂലം പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
പുതിയ കണക്കുകളുടെ വെളിച്ചത്തിൽ അധികം താമസിയാതെ ബ്രിട്ടൻ കോവിഡിൻെറ മഹാമാരിയിൽ നിന്ന് പുറത്തു കടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വൈറസിന് നമ്മുടെ ജീവിതത്തിൽ വലിയ സ്ഥാനമില്ലാത്ത അവസ്ഥയിലേയ്ക്ക് ഉടൻ ബ്രിട്ടൻ എത്തിച്ചേരുമെന്ന് യൂണിവേഴ്സിറ്റി ഓഫ് ലിവർപൂളിലെ ഇൻഫെക്ഷൻ ആൻഡ് ഗ്ലോബൽ ഹെൽത്ത് ചെയർമാൻ പ്രൊഫ. ജൂലിയൻ ഹിസ്കോക്സ് പറഞ്ഞു. 2022 -ൽ തന്നെ മഹാമാരിക്ക് മുമ്പുള്ള സ്ഥിതിയിലേയ്ക്ക് യുകെ എത്തിച്ചേരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ലോകരാജ്യങ്ങളിൽ ആദ്യം തന്നെ പൊതുജനങ്ങൾക്ക് പ്രതിരോധകുത്തിവയ്പ്പ് നൽകുന്നതിൽ വിജയം വരിച്ച രാജ്യമായിരുന്നു ബ്രിട്ടൻ. എങ്കിലും ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ രേഖപ്പെടുത്തിയ യൂറോപ്യൻ രാജ്യമായി ബ്രിട്ടൻ . ഇതൊക്കെ രാജ്യം മഹാമാരിയെ പ്രതിരോധിക്കുന്നതിൽ കടുത്ത പരാജയമായിരുന്നു എന്ന രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നു വരാൻ കാരണമായി. എങ്കിലും ഭൂരിപക്ഷം ജനങ്ങൾക്കും പ്രതിരോധകുത്തിവയ്പ്പുകൾ നൽകിയതും കുറെയേറെ പേർക്ക് കോവിഡ് വന്നതുമൂലവും പ്രതിരോധശേഷി ആർജിച്ചതുമാണ് ബ്രിട്ടനിൽ കോവിഡ് കുറയാനുള്ള കാരണമായി ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നത്.
Leave a Reply