ന്യൂസ് ഡെസ്ക് മലയാളം യുകെ

പണപ്പെരുപ്പം കൈപ്പിടിയിലൊതുങ്ങിയാൽ നികുതിയിളവുകൾ നൽകുന്ന കാര്യം സർക്കാർ പരിഗണിക്കുന്നു. ക്യാബിനറ്റ് മന്ത്രി റോബർട്ട് ജെന്റിക്ക് ആണ് നികുതിയുടെ കാര്യത്തിൽ സർക്കാരിൻറെ നയതീരുമാനം മാധ്യമങ്ങളോട് പറഞ്ഞത്. ഉപതെരഞ്ഞെടുപ്പുകളിൽ കടുത്ത തോൽവി ഏറ്റുവാങ്ങിയ സർക്കാരിൻറെ മുഖം തിരിച്ചു പിടിക്കാനുള്ള നടപടിയായാണ് രാഷ്ട്രീയ നിരീക്ഷകർ മന്ത്രിയുടെ പ്രസ്താവനയെ വിലയിരുത്തുന്നത്.

വർഷാവസാനത്തോടെ പണപ്പെരുപ്പം പകുതിയായി കുറയുകയാണെങ്കിലാണ് നികുതിയിളവ് പരിഗണിക്കുക എന്നാണ് സർക്കാരിൻറെ നയം . നേരത്തെ പണപെരുപ്പ് നിരക്ക് കുറയുന്നതിനുള്ള നയപരമായ നടപടികൾ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ഋഷി സുനകും പറഞ്ഞിരുന്നു. ഉപതിരഞ്ഞെടുപ്പ് ഫലത്തിൽ ടോറി എം.പിമാർക്കിടയിൽ തന്നെ കടുത്ത അമർഷം പുകയുന്നുണ്ട്. ജനപിന്തുണ വർദ്ധിക്കുന്നതിന് നികുതി ഇളവുകൾ ഉൾപ്പെടെയുള്ള നടപടികൾ വേണമെന്ന് പല എംപിമാരും പരസ്യമായ ആവശ്യം ഉന്നയിച്ചിരുന്നു.

ലഭ്യമായ കണക്കുകൾ പ്രകാരം യുകെയിലെ നികുതി നിരക്കുകൾ ഏറ്റവും ഉയർന്ന തലത്തിലാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ നികുതി ഉടനെയൊന്നും കുറയാൻ സാധ്യതയില്ലെന്ന് ഈ രംഗത്തെ വിദഗ്ധരായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിസിക്കൽ സ്റ്റഡീസ് കഴിഞ്ഞമാസം അഭിപ്രായപ്പെട്ടിരുന്നു. 2022 ഒക്ടോബറിനും ഡിസംബറിനും ഇടയിലുള്ള മൂന്നുമാസത്തെ കാലയളവിൽ പണപ്പെരുപ്പം 10.7% ആയിരുന്നു. നിലവിലെ പണപ്പെരുപ്പം 6.7 % ആണ് . ഇത് 5.3% ആയി കുറയ്ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്